ഡൽഹിയിൽ പാർക്ക് ചെയ്ത കാറിൽ മൂന്ന് മൃതദേഹങ്ങൾ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
ന്യൂഡൽഹി: ഡൽഹിയിലെ പീരാഗഡി ഫ്‌ലൈഓവറിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
രൺധീർ സിങ് (60), ലക്ഷ്മി സിംഗ് (40), ശിവ് നാരായൺ (46) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സ്ഥലത്ത് ബലപ്രയോഗത്തിന്റെയോ കവർച്ചാ ശ്രമത്തിന്റെയോ അടയാളങ്ങളില്ലാത്തതിനാൽ ഇതൊരു ആത്മഹത്യയാകാമെന്ന് പോലീസ് സംശയിക്കുന്നു. എങ്കിലും സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി കാറിലും പരിസരത്തും പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവസമയത്ത് കാറിന് സമീപം ആരെങ്കിലും എത്തിയിരുന്നോ എന്ന് ഇതിലൂടെ വ്യക്തമാകുമെന്ന് പോലീസ് കരുതുന്നു.
What's Your Reaction?

