കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ചാടി പോയ സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ നടപടി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ സ്ഥലം മാറ്റി.
എ ആർ ക്യാമ്പിൽ ആയിരുന്ന ഉദ്യോഗസ്ഥരെ കുന്ദമംഗലം, പന്നിയങ്കര, ഫറോക്ക്, ചേവായൂർ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്. സ്പെഷ്യൽ ബ്രാഞ്ച് എസിപി യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് സ്പെഷൻ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതിയായ വിനീഷ് വിനോദാണ് രക്ഷപ്പെട്ടത്. ഡിസംബർ 29-ന് രാത്രിയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിനീഷ് രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. വിനീഷിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.