തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിശ്വാസികൾ ഈ തെരെഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസം.
തിരുവനന്തപുരം നഗരസഭയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്നും കൂട്ടിച്ചേർത്തു. ബിജെപിയുടെ വികസനോന്മുഖമായ പ്രചാരണത്തില്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടു. തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും.
അടിസ്ഥാന വികസനത്തിന് വേണ്ട ഡിസൈൻ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്‍റെ ഭരണത്തിലൂടെ മാത്രമാണ് സാധ്യമാവുകയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അതീതമായി ജനങ്ങള്‍ രാഷ്ട്ര കാലാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന കാലം വന്നിരിക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്ക് കൃത്യമായ കണക്കുകൂട്ടലുണ്ടെന്നും പൂര്‍ണ ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.