തിരുവനന്തപുരം: ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം. വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ (വിഎസ്എസ് സി) നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പം, കട്ടിളപ്പാളി എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വ്യത്യാസം വന്നു എന്നാണ് വിഎസ്എസ്‌സി റിപ്പോര്‍ട്ടിലുള്ളത്. 1998ല്‍ പൊതിഞ്ഞ സ്വര്‍ണ്ണത്തിന്റെ അളവ് കുറഞ്ഞു. വിഎസ്എസ്‌സി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.
1998-ൽ ശ്രീകോവിൽ സ്വർണം പൊതിഞ്ഞ സമയത്തുണ്ടായിരുന്ന അളവിനേക്കാൾ കുറവാണ് ഇപ്പോൾ കാണപ്പെടുന്നത്. പ്രധാനമായും ദ്വാരപാലക ശിൽപ്പപ്പാളികൾ, കട്ടിളപ്പാളികൾ എന്നിവയിലെ സ്വർണത്തിന്റെ അളവിലും ഭാരത്തിലുമാണ് വലിയ വ്യത്യാസങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. പാളികളുടെ ഭാരത്തിലും വ്യത്യാസം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സീല്‍വെച്ച കവറില്‍ വിഎസ്എസ്‌സി കൊല്ലം വിജിലന്‍സ് കോടതിക്ക് കൈമാറിയ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് എസ്‌ഐടിക്ക് ലഭിച്ചത്.
സ്വർണ്ണപ്പാളികൾ ഇളക്കി മാറ്റാതെ തന്നെ അവയുടെ ഘടനയും ഭാരവും കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് വി എസ് എസ് സി പരിശോധനയ്ക്കായി ഉപയോഗിച്ചത്.