കിടക്കാൻ നേരം കാലിൽ മസിലുകയറ്റം; നിസാരമാക്കരുത് ഈ ആറ് ലക്ഷണങ്ങൾ

ഇവ ഹൃദയത്തിന്റെയും വൃക്കകളുടെയും തകരാറുകൾ സൂചിപ്പിക്കുന്ന പ്രാഥമിക ലക്ഷണങ്ങളാകാമെന്ന് ആരോഗ്യവിദഗ്ധർ

Jan 17, 2026 - 22:06
Jan 17, 2026 - 22:06
 0
കിടക്കാൻ നേരം കാലിൽ മസിലുകയറ്റം; നിസാരമാക്കരുത് ഈ ആറ് ലക്ഷണങ്ങൾ

കാലുകളിലെ മാറ്റങ്ങൾ വെറും തളർച്ചയോ വേദനയോ ആയി കണ്ട് അവഗണിക്കരുത്. ഇവ ഹൃദയത്തിന്റെയും വൃക്കകളുടെയും തകരാറുകൾ സൂചിപ്പിക്കുന്ന പ്രാഥമിക ലക്ഷണങ്ങളാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

കാലുകൾ നൽകുന്ന ഈ ആറ് സൂചനകൾ ശ്രദ്ധിക്കൂ; അവയവങ്ങളുടെ തകരാറിലാകാം കാരണം

1. പാദങ്ങളിലെയും കണങ്കാലിലെയും നീർവീക്കം: ശരീരത്തിലെ രക്തയോട്ടമോ ലിംഫ് പ്രവാഹമോ തടസ്സപ്പെടുമ്പോൾ ദ്രാവകം കോശങ്ങളിൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുമ്പോൾ ഗുരുത്വാകർഷണം മൂലം കാലുകളിലാണ് ആദ്യം നീർവീക്കം പ്രകടമാകുക. ഇതിനൊപ്പം ശ്വാസതടസ്സം കൂടിയുണ്ടെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടണം.

2. വിട്ടുമാറാത്ത മരവിപ്പ്: ചൂടാക്കിയ ശേഷവും കാലുകളിൽ മരവിപ്പ് തുടരുന്നുണ്ടെങ്കിൽ അത് പെരിഫറൽ ആർട്ടറി ഡിസീസ് (PAD) ആകാം. കാലിലെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥയാണിത്. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. വിളർച്ചയുള്ളവരിലും തൈറോയിഡ് പ്രശ്നമുള്ളവരിലും ഇത് കൂടുതൽ ഗൗരവകരമാകാം.

3. രാത്രികാലങ്ങളിലെ മസിൽ വേദന: രാത്രിയിൽ തുടർച്ചയായി ഉണ്ടാകുന്ന മസിൽ വേദനകൾ നിർജ്ജലീകരണം മൂലമോ മരുന്നുകളുടെ പാർശ്വഫലം മൂലമോ ആകാം. എന്നാൽ, രക്തയോട്ടം കുറയുന്നതും വൃക്കരോഗങ്ങളും ഇതിന് പിന്നിലുണ്ടാകാം എന്നതിനാൽ ശ്രദ്ധിക്കണം.

4. ചർമ്മത്തിലെ നിറവ്യത്യാസവും ഉണങ്ങാത്ത മുറിവുകളും: കാൽ ചർമ്മത്തിന് പർപ്പിൾ അല്ലെങ്കിൽ തവിട്ട് നിറം വരുന്നത് സിരകളിൽ രക്തം അടിഞ്ഞുകൂടുന്നതിന്റെ ലക്ഷണമാണ്. അതുപോലെ, ഒരാഴ്ച കഴിഞ്ഞിട്ടും കാലിലെ മുറിവുകൾ ഉണങ്ങുന്നില്ലെങ്കിൽ അത് പ്രമേഹത്തിന്റെ സൂചനയാകാം.

5. ഇക്കിളിയും സൂചികുത്തുന്നത് പോലുള്ള വേദനയും: കാലുകളിൽ സ്ഥിരമായി മരവിപ്പും സൂചികുത്തുന്നത് പോലുള്ള തരിപ്പും അനുഭവപ്പെടുന്നത് ഡയബറ്റിക് ന്യൂറോപ്പതിയുടെ ലക്ഷണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലം ഉയർന്നുനിൽക്കുന്നത് ഞരമ്പുകൾക്ക് കേടുപാടുകൾ വരുത്തുന്നതാണ് ഇതിന് കാരണം.

6. അസാധാരണമായ ചുവപ്പ് നിറം: കാലുകളിൽ പെട്ടെന്നുണ്ടാകുന്ന ചുവപ്പ് നിറം ഡീപ് വെയ്ൻ ത്രോംബോസിസ് (DVT) ആകാൻ സാധ്യതയുണ്ട്. സിരകളിൽ രക്തം കട്ടപിടിക്കുന്ന ഈ അവസ്ഥ അതീവ അപകടകരമാണ്. ചികിത്സ വൈകിയാൽ ഈ രക്തക്കട്ടകൾ ശ്വാസകോശത്തിലേക്ക് സഞ്ചരിച്ച് ജീവനുതന്നെ ഭീഷണിയായേക്കാം.

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറെ കണ്ട് വിദഗ്ധ പരിശോധന നടത്താൻ ശ്രദ്ധിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow