നിയമ നടപടികളുമായി മുന്നോട്ട് പോകാൻ ദിലീപ്; തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും
വിധിപ്പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് നീക്കം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ നടൻ ദിലീപ് തീരുമാനിച്ചു. തനിക്കെതിരെ നടന്ന ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഉടൻ തന്നെ അധികൃതരെ സമീപിക്കും. വിധിപ്പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് നീക്കം.
നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് മുൻ ഭാര്യ മഞ്ജു വാര്യരാണെന്ന് ദിലീപ് കോടതി വിധിക്ക് പിന്നാലെ ആരോപിച്ചു. ദർബാർ ഹാൾ ഗ്രൗണ്ടിൽ 'അമ്മ'യുടെ കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ 'ഗൂഢാലോചന പുറത്ത് വരണം' എന്ന പ്രസംഗത്തെയാണ് ദിലീപ് തനിക്കെതിരായ ഗൂഢാലോചനയായി ചൂണ്ടിക്കാട്ടുന്നത്. അതിനു പിന്നാലെയാണ് താൻ കേസിൽ പ്രതിയായതെന്നും ദിലീപ് ആരോപിച്ചു. ദിലീപിന്റെ ആരോപണത്തോട് മഞ്ജു വാര്യർ പ്രതികരിച്ചിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി തന്നെ ബലിയാടാക്കുകയായിരുന്നു എന്നും മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നും ദിലീപ് വാദിച്ചു. "പോലീസിലെ ചില ക്രിമിനലുകൾ ജയിലിലെ പ്രതികളെ ഉപയോഗിച്ച് കള്ളക്കഥ മെനഞ്ഞു. എൻ്റെ ജീവിതവും കരിയറും നശിപ്പിക്കാനായിരുന്നു യഥാർത്ഥ ഗൂഢാലോചന നടന്നത്," എന്നും ദിലീപ് ആരോപിച്ചു.
ദിലീപിൻ്റെ അഭിഭാഷകൻ ബി. രാമൻപിള്ളയും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചു. ദിലീപിനെ പ്രതിയാക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കേസിന് മേൽനോട്ടം വഹിച്ച എഡിജിപി ബി. സന്ധ്യയെ ലക്ഷ്യമിട്ടാണ് രാമൻപിള്ള ഈ പ്രസ്താവന നടത്തിയത്.
What's Your Reaction?

