എന്‍ഡിഎ സഖ്യത്തിനില്ല; തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ടിവികെ

Mar 16, 2026 - 13:57
Mar 16, 2026 - 13:57
 0
എന്‍ഡിഎ സഖ്യത്തിനില്ല; തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ടിവികെ

ചെന്നൈ: നിയമസഭാതിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തമിഴക വെട്രി കഴകം. വരുന്ന തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ വഴി എൻഡിഎ സഖ്യത്തിലെത്തിക്കാൻ ബി.ജെ.പി. ശ്രമം തുടരുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ടിവികെ നിലപാട് വ്യക്തമാക്കിയത്.

80 സീറ്റും ഉപമുഖ്യമന്ത്രിപദവും ടിവികെയ്ക്ക് എൻഡിഎ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. മാത്രമല്ല,കരൂർ ദുരന്തത്തിലെ സി.ബി.ഐ. കേസും ‘ജനനായകൻ’ സിനിമയുടെ സെൻസർ കുരുക്കും ടി.വി.കെ. നേതാവ് വിജയിയെ സമ്മർദത്തിലാക്കാൻ ബി.ജെ.പി. നേതൃത്വം ഉപയോഗിക്കുന്നതായും ആരോപണങ്ങളുയർന്നു. ഡി.എം.കെ.യെ രാഷ്ട്രീയശത്രുവായും ബി.ജെ.പി.യെ പ്രത്യയശാസ്ത്രശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടി.വി.കെ.യെ സഖ്യത്തിലെത്തിക്കാൻ ബി.ജെ.പി. ദേശീയനേതൃത്വം കിണഞ്ഞുശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിന് പിന്നാലെയാണ് ടിവികെ നിലപാട് തുറന്നുപറഞ്ഞത്.

അതേസമയം വിവിധ മണ്ഡലങ്ങളിൽ ടി.വി.കെ.യുടെ ജയസാധ്യത വിലയിരുത്താൻ വെള്ളിയാഴ്ച ചേർന്ന ജില്ലാഭാരവാഹികളുടെ യോഗത്തിൽ സഖ്യം വേണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്. 234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താൻ പ്രയാസമില്ലെങ്കിലും തിരഞ്ഞെടുപ്പുപ്രചാരണത്തിനുള്ള ഭാരിച്ച ചെലവ് താങ്ങാൻ ശേഷിയുള്ളവർ കുറവാണെന്ന് ഓൺലൈൻയോഗത്തിൽ പങ്കെടുത്ത ജില്ലാനേതാക്കൾ ചൂണ്ടിക്കാണിച്ചു. ഒരു മണ്ഡലത്തിലെ സ്ഥാനാർഥി ശരാശരി അഞ്ചുകോടി രൂപയെങ്കിലും ചെലവിടേണ്ടിവരും. തനിച്ച് ഇത്രയും പണം സമാഹരിക്കാൻ ബുദ്ധിമുട്ടാണെന്ന് നേതാക്കൾ പറഞ്ഞു. ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുന്നതാണ്‌ നല്ലതെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ സഖ്യം വേണ്ടെന്ന തിരുമാനത്തിൽ നേതൃത്വം എത്തിച്ചേരുകയായിരുന്നു.

ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയാൽ അവർ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുമോയെന്നാണ് നേരത്തേ നിർമൽ കുമാർ ചോദിച്ചത്. ടി.വി.കെ.യുമായി സഖ്യത്തിന് നീക്കമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തയ്യാറായിരുന്നില്ല. നിങ്ങൾക്ക് സഖ്യമാണ് വലുത്, ഞങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നത്’ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ മറുപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow