പുരി: ഒഡീഷയിലെ പുരിയിൽ അജ്ഞാതർ ജീവനോടെ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. പെൺകുട്ടിക്ക് ദേഹമാകെ 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ജൂലൈ 19നാണ് പെൺകുട്ടിയെ യുവാക്കൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നേരിട്ടത്. അതേസമയം പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
എന്നാൽ സംഭവത്തിൽ വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മരിച്ച പെൺകുട്ടിയുടെ പിതാവ്. മകള്‍ സ്വയം തീ കൊളുത്തിയതാണെന്നാണ് പിതാവ് പറയുന്നത്. മകൾ കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഇത്തരത്തിൽ ചെയ്‌തതെന്നും പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പിതാവ് വ്യക്തമാക്കി.