പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രിയായി പത്താം തവണയും അധികാരമേൽക്കാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ. ബിഹാറിലെ പുതിയ സർക്കാർ വ്യാഴാഴ്ച അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
എൻഡിഎ മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. നിതീഷിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. തുടര്‍ച്ചയായി അഞ്ച് തവണ പദവിയിലെത്തുന്നുവെന്ന പ്രത്യേകതയും നിതീഷിനുണ്ട്. 243 അംഗ നിയമസഭയിൽ 202 സീറ്റ് നേടിയാണ് എൻഡിഎ അധികാരത്തിൽ വീണ്ടും തിരിച്ചെത്തിയത്.
ഇത്തവണയും രണ്ടു ഉപമുഖ്യ മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ടാകും. ബിജെപിക്കും ജെഡിയുവിനും തുല്യമന്ത്രി സ്ഥാനങ്ങൾ ലഭിക്കും. നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് നിതീഷ് കുമാർ ഇന്നോ നാളെയോ ഗവർണറെ കാണും. ആര്‍ജെഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കും. ആകെ സീറ്റായ 243ന്‍റെ 10ശതമാനം സീറ്റ് നേടിയാലേ ഏതെങ്കിലും പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃപദവി ലഭിക്കൂ.