ടി.പി. വധക്കേസ്: പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി; കേസ് രേഖകൾ ഹാജരാക്കാൻ നിർദേശം

നിലവിൽ കോടതിക്ക് മുന്നിൽ രണ്ട് ജാമ്യഹർജികളാണ് ഉണ്ടായിരുന്നത്

Nov 17, 2025 - 13:08
Nov 17, 2025 - 13:08
 0
ടി.പി. വധക്കേസ്: പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി; കേസ് രേഖകൾ ഹാജരാക്കാൻ നിർദേശം

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇത് കൊലപാതകക്കേസ് ആയതിനാൽ, കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ മുഖ്യപ്രതിയായ ജ്യോതി ബാബുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ സഞ്ജീവ് കരോളും എസ്.സി. ശർമ്മയുമടങ്ങുന്ന ബെഞ്ച് ഈ നിലപാട് അറിയിച്ചത്.

നിലവിൽ കോടതിക്ക് മുന്നിൽ രണ്ട് ജാമ്യഹർജികളാണ് ഉണ്ടായിരുന്നത്. ഇതൊരു കൊലപാതകക്കേസായതിനാൽ കേസ് സംബന്ധിച്ച രേഖകൾ പരിശോധിക്കാതെ ജാമ്യം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന്, കേസിൻ്റെ രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം നൽകി.

കേസ് പരിഗണിക്കുന്നതിനിടെ സർക്കാർ അഭിഭാഷകനായ പി.വി. ദിനേശും ടി.പി.യുടെ ഭാര്യ കെ.കെ. രമയുടെ അഭിഭാഷകനായ ആർ. ബസന്തും തമ്മിൽ വാക്കേറ്റമുണ്ടായി. സർക്കാരും പ്രതികളും തമ്മിൽ ഒത്തുകളിക്കുന്നുവെന്ന വാദം ആർ. ബസന്ത് ഉന്നയിച്ചതോടെയാണ് വാഗ്വാദത്തിന് തുടക്കമായത്.

ഇതിനു മറുപടിയായി, പരാതിക്കാരിക്ക് അനുകൂലമായി മാത്രം നിൽക്കാൻ സർക്കാരിന് കഴിയില്ലെന്ന് പി.വി. ദിനേശ് പറഞ്ഞു. തുടർന്ന്, ജസ്റ്റിസ് സഞ്ജയ് കരോൾ ഇടപെട്ടാണ് ഇരുഭാഗത്തെയും ശാന്തരാക്കിയത്. കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ഇടയ്ക്കിടെ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കെ.കെ. രമ കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. പ്രതികൾക്ക് അനുവദിച്ച പരോൾ ദിവസങ്ങളുടെ കണക്കുകൾ സത്യവാങ്മൂലത്തിൽ രമ ചൂണ്ടിക്കാട്ടി.

ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രൻ 1081 ദിവസം പരോളിൽ കഴിഞ്ഞെന്നും രമ ചൂണ്ടിക്കാട്ടി. ആറാം പ്രതി സിജിത്ത് 1078 ദിവസവും രണ്ടാം പ്രതി മനോജ് 1068 ദിവസവും നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും പരോളിൽ കഴിഞ്ഞു. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോൾ ലഭിച്ചെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow