'യുഡിഎഫ് കാലത്തെ വിസ്മയപ്പൂരം'; വി ഡി സതീശൻ സർക്കാരിനെ പരിഹസിച്ച് കെ ടി ജലീൽ

Jul 30, 2026 - 23:57
Jul 30, 2026 - 23:57
 0
'യുഡിഎഫ് കാലത്തെ വിസ്മയപ്പൂരം'; വി ഡി സതീശൻ സർക്കാരിനെ പരിഹസിച്ച് കെ ടി ജലീൽ

മലപ്പുറം: വി ഡി സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് കെ ടി ജലീൽ. 'യുഡിഎഫ് കാലത്തെ വിസ്മയപ്പൂരം' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സർക്കാർ സ്വീകരിച്ച നടപടികളെ ജലീൽ പരിഹസിച്ചത്. അധികാരമേറ്റ് രണ്ട് മാസത്തിനിടെ ഉണ്ടായ സംഭവങ്ങളുടെ പട്ടിക ഇനിയും നീളുമെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു.

സംസ്ഥാനത്തെ വൈദ്യുതി മുടക്കം, 18 ലക്ഷം ഗുണഭോക്താക്കൾക്കുള്ള സ്ത്രീ സുരക്ഷ പെൻഷൻ നിർത്തലാക്കിയത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ വരുമാനപരിധി നിശ്ചയിച്ചത് തുടങ്ങിയ വിഷയങ്ങൾ ജലീൽ വിമർശനമായി ഉയർത്തിക്കാട്ടി. സർക്കാർ ആശുപത്രികളിൽ വൈദ്യുതി മുടക്കത്തിനിടെ വെന്റിലേറ്റർ പ്രവർത്തനം നിലച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവവും അദ്ദേഹം പരാമർശിച്ചു.

വിദ്യാർഥി മുഹമ്മദ് യാസീനെ പൊലീസ് മർദിച്ചെന്ന ആരോപണം, മലപ്പുറത്തുകാരെ ലക്ഷ്യമിട്ട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന വിവാദം, അങ്കണവാടികളിൽ ബിരിയാണിയും നെയ്ച്ചോറും ഒഴിവാക്കിയെന്ന ആരോപണം, കുണ്ടറ കസ്റ്റഡി മർദന വിവാദം എന്നിവയും ജലീലിന്റെ കുറിപ്പിലുണ്ട്. കൂടാതെ, ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ പങ്കെടുത്ത വേടൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത നടപടിയെയും അദ്ദേഹം വിമർശിച്ചു.

ഈ വിഷയങ്ങളൊക്കെയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ മാസങ്ങളിലെ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളെന്ന് ചൂണ്ടിക്കാട്ടിയ ജലീൽ, വരും ദിവസങ്ങളിൽ ഈ പട്ടിക ഇനിയും നീളുമെന്ന പരിഹാസത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow