മന്ത്രിസഭാ രൂപീകരണം അന്തിമഘട്ടത്തിൽ; ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങളിൽ ഉറച്ചുനിൽക്കുന്നു; മോൻസ് ജോസഫും അപു ജോണും പരിഗണനയിൽ
തിരുവനന്തപുരം: കേരളത്തിൽ പുതിയതായി അധികാരമേൽക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിലെ അംഗങ്ങളെയും അവരുടെ വകുപ്പുകളെയും കുറിച്ചുള്ള അന്തിമ ചിത്രം ഇന്ന് തെളിയും. മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും വിഭജിക്കുന്നത് സംബന്ധിച്ച് ഘടകകക്ഷികളുമായുള്ള നിർണായക ഉഭയകക്ഷി ചർച്ചകൾ ഇന്ന് രാവിലെ 10 മണിക്ക് കന്റോൺമെന്റ് ഹൗസിൽ ആരംഭിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതൃത്വം ഘടകകക്ഷികളുമായി വെവ്വേറെ ചർച്ചകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിൽ പൊതുവായ ധാരണയായെങ്കിലും മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്നത്തെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമേ ഉണ്ടാകൂ. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ശക്തമായ നിലപാടിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുമ്പോൾ, രണ്ട് മന്ത്രിസ്ഥാനങ്ങളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്.
ജോസഫ് ഗ്രൂപ്പിൽ നിന്ന് മോൻസ് ജോസഫ്, അപു ജോൺ ജോസഫ് എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇതിൽ മോൻസ് ജോസഫിനാണ് പ്രഥമ പരിഗണന. രണ്ടാം മന്ത്രിസ്ഥാനം ലഭിച്ചാൽ അത് അപു ജോൺ ജോസഫിന് നൽകാനാണ് സാധ്യത. തോമസ് ഉണ്ണിയാടന്റെ പേരും ചർച്ചകളിലുണ്ട്. രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാത്ത പക്ഷം അപു ജോൺ ജോസഫിനെ ചീഫ് വിപ്പ് പദവിയിലേക്ക് പരിഗണിച്ചേക്കും.
അതേസമയം, 102 സീറ്റുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ തലസ്ഥാനത്ത് തകൃതിയായി നടക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ പന്തലിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പ്രധാന പന്തലിൽ 12,000 പേർക്ക് ഇരിക്കാനുള്ള സൌകര്യമുണ്ടാകും. ചടങ്ങ് വീക്ഷിക്കാൻ അമ്പതിനായിരത്തോളം ആളുകൾ എത്തുമെന്നാണ് പൊതുഭരണ വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിനായി സ്റ്റേഡിയത്തിൽ വിപുലമായ ഡിജിറ്റൽ സ്ക്രീനുകളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.
What's Your Reaction?



