പശ്ചിമേഷ്യൻ സംഘർഷം: സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രം; നാവികരുടെയും പ്രവാസികളുടെയും സുരക്ഷയ്ക്ക് പ്രത്യേക നിർദേശം

Jul 30, 2026 - 21:09
Jul 30, 2026 - 21:10
 0
പശ്ചിമേഷ്യൻ സംഘർഷം: സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രം; നാവികരുടെയും പ്രവാസികളുടെയും സുരക്ഷയ്ക്ക് പ്രത്യേക നിർദേശം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സി.സി.എസ്) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികളും മേഖലയിലെ നിലവിലെ സാഹചര്യമുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്.

സംഘർഷ മേഖലകളിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകളിലെ ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി വിലയിരുത്തിയ യോഗം, അവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും അടിയന്തര സഹായ സംവിധാനവും ഒരുക്കാൻ നിർദേശം നൽകി. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയ്ക്കും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്ന് അറിയിച്ചു.

എൽപിജി, എൽഎൻജി, പെട്രോളിയം ഉൽപ്പന്നങ്ങൾ, അസംസ്കൃത എണ്ണ, വളം എന്നിവയുടെ ലഭ്യതയും യോഗം വിലയിരുത്തി. ആവശ്യത്തിന് അസംസ്കൃത എണ്ണ ലഭ്യമായതിനാൽ പൊതുമേഖലാ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ധന വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

വരാനിരിക്കുന്ന കാർഷിക സീസണിലേക്ക് ആവശ്യമായ വളം കർഷകർക്ക് തടസ്സമില്ലാതെ ലഭ്യമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു. ഊർജ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രതിസന്ധി നേരിടാൻ എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമൊരുക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow