മദ്യനയക്കേസിൽ വൻ വഴിത്തിരിവ്; കെജ്‌രിവാളിനെയും സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
ദില്ലി റോസ് അവന്യൂ സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ നിർണായക വഴിത്തിരിവ്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഉൾപ്പെടെയുള്ള പ്രതികളെ സിബിഐ കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഈ സുപ്രധാന നടപടി.
ദില്ലി റോസ് അവന്യൂ സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്. രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കേസിൽ സിബിഐയുടെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചു. കെജ്‌രിവാളിനെയും സിസോദിയയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ കൃത്യമായ തെളിവുകളോ മൊഴികളോ സമർപ്പിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തെളിവുകളില്ലാതെ പ്രതികളെ കേസിൽ ഉൾപ്പെടുത്തിയതിനെതിരെ കോടതി കടുത്ത ഭാഷയിൽ പ്രതികരിച്ചു. കുറ്റപത്രത്തിലെ പല കാര്യങ്ങളിലും അവ്യക്തതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അഴിമതി ആരോപണത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ കേസിൽ പ്രതിചേർക്കപ്പെട്ട എല്ലാവരെയും വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.
വിധിക്ക് പിന്നാലെ "സത്യം ജയിച്ചു" എന്ന് അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ കേസ് തന്നെ തകർക്കാനുള്ള വലിയൊരു ഗൂഢാലോചനയായിരുന്നുവെന്നും ഇപ്പോൾ അത് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?