ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു
റിങ്കു സിങ്ങിന്റെ കരിയറിലെ വളർച്ചയിലും പ്രതിസന്ധികളിലും വലിയ പിന്തുണയായിരുന്നു പിതാവ് ഖാൻചന്ദ് സിങ്
നോയിഡ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച രാവിലെ ഗ്രേറ്റർ നോയിഡയിലെ യാതാർത്ത് ആശുപത്രിയിൽ വെച്ചായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിൽ കഴിയവെയായിരുന്നു മരണം. റിങ്കു സിങ്ങിന്റെ കരിയറിലെ വളർച്ചയിലും പ്രതിസന്ധികളിലും വലിയ പിന്തുണയായിരുന്നു പിതാവ് ഖാൻചന്ദ് സിങ്.
നിലവിൽ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പമുള്ള റിങ്കു സിങ്, വിവരമറിഞ്ഞ ഉടൻ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു. സിംബാബ്‌വെക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് അദ്ദേഹം ആശുപത്രിയിലെത്തി പിതാവിനെ കണ്ടിരുന്നു. മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ലെങ്കിലും പകരക്കാരനായി താരം ഫീൽഡിൽ ഇറങ്ങിയിരുന്നു.
ഒരു വർഷം മുൻപാണ് അദ്ദേഹത്തിന് നാലാം ഘട്ട ലിവർ ക്യാൻസർ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് വർഷങ്ങളായി ചെയ്തുവന്നിരുന്ന ഗ്യാസ് സിലിണ്ടർ വിതരണ ജോലി അദ്ദേഹം നിർത്തിവെച്ചിരുന്നു. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് ഉൾപ്പെടെയുള്ള പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലി അർപ്പിച്ചു. റിങ്കുവിനും കുടുംബത്തിനും ഈ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്ന് ഹർഭജൻ കുറിച്ചു.
What's Your Reaction?