അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ; കാബൂളിലും കാണ്ഡഹാറിലും വ്യോമാക്രമണം

അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് എക്സിലൂടെ യുദ്ധപ്രഖ്യാപനം നടത്തിയത്

Feb 27, 2026 - 14:38
Feb 27, 2026 - 14:39
 0
അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ; കാബൂളിലും കാണ്ഡഹാറിലും വ്യോമാക്രമണം

ഇസ്‌ലാമാബാദ്: അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള കാബൂളിലും കാണ്ഡഹാറിലും പാക്ക് സേന വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്.

അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് എക്സിലൂടെ (X) യുദ്ധപ്രഖ്യാപനം നടത്തിയത്. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിലാണ് താലിബാൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

അതിർത്തിയിൽ പാക്ക് സേന നടത്തിയ ആക്രമണത്തിന് അഫ്ഗാൻ സേന ശക്തമായ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാൻ കാബൂളിലും കാണ്ഡഹാറിലും വ്യോമാക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ 133 താലിബാൻ സൈനികരെ വധിച്ചതായി പാക്ക് സൈന്യം അവകാശപ്പെട്ടു. അതേസമയം, 55 പാക്ക് സൈനികരെ വധിച്ചതായി താലിബാനും അവകാശവാദമുന്നയിച്ചു. തങ്ങളുടെ ക്ഷമ നശിച്ചെന്നും ഇനി തുറന്ന യുദ്ധമാണെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. അഫ്ഗാൻ ജനതയുടെ ക്ഷേമത്തിനാകണം താലിബാൻ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടായ സംഘർഷത്തിൽ ഇറാൻ ആശങ്ക രേഖപ്പെടുത്തി. പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകളെ പിന്തുണയ്ക്കാമെന്ന് ഇറാൻ അറിയിച്ചു. റമസാൻ മാസത്തിൽ ആത്മനിയന്ത്രണവും ഇസ്‌ലാമിക ഐക്യദാർഢ്യവും മുറുകെപ്പിടിക്കണമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ആഹ്വാനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow