യുഎസ് സൈനികനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ കനത്ത ഏറ്റുമുട്ടൽ; അഞ്ച് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് ഇറാൻ
ടെഹ്‌റാൻ: ഇറാൻ വെടിവെച്ചിട്ട എഫ്-15 ഇ യുദ്ധവിമാനത്തിലെ സൈനികനെ രക്ഷിക്കാനുള്ള അമേരിക്കൻ ദൗത്യത്തെ ശക്തമായി പ്രതിരോധിച്ചെന്നും അഞ്ച് യുഎസ് സൈനികരെ വധിച്ചെന്നും അവകാശപ്പെട്ട് ഇറാൻ റെവല്യൂഷണറി ഗാർഡ്. ഇസ്ഫഹാന് തെക്ക് ഭാഗത്ത് നടന്ന പോരാട്ടത്തിൽ അമേരിക്കയുടെ ഒരു ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ഹെലികോപ്റ്ററുകളും തകർത്തതായും ഇറാൻ അവകാശപ്പെട്ടു.
ഇറാൻ സായുധസേനയുടെ കേന്ദ്ര ആസ്ഥാനമായ 'ഖതം അൽ അൻബിയ' വക്താവാണ് സൈനിക നീക്കത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-15 ഇ ഈഗിൾ സ്‌ട്രൈക്‌സ് ഇറാൻ വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരിൽ ഒരാൾ അന്നുതന്നെ രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ സൈനികൻ ഇറാൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ നടന്ന അതീവ സാഹസികമായ ദൗത്യത്തിലൂടെ ഈ സൈനികനെ അമേരിക്കൻ സൈന്യം സുരക്ഷിതനായി പുറത്തെത്തിച്ചു. സൈനികൻ തിരിച്ചെത്തിയ വിവരം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ദൗത്യത്തിനിടെ തങ്ങൾ അമേരിക്കയ്ക്ക് കനത്ത ആൾനാശവും ആയുധനഷ്ടവും വരുത്തിയെന്നാണ് ഇറാന്റെ വാദം.
What's Your Reaction?