കുടകില്‍ കാണാതായ ശരണ്യക്കായി തിരച്ചില്‍ ഊര്‍ജ്ജിതം ;വഴിതെറ്റിയെന്ന് അവസാന ഫോണ്‍ കോള്‍, അഞ്ച് സംഘങ്ങള്‍ വനത്തില്‍
മടിക്കേരി: കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ കൊച്ചിയിൽ ജോലി ചെയ്യുന്ന ശരണ്യക്കായി (34) നാലാം ദിവസവും തിരച്ചിൽ തുടരുന്നു. വനംവകുപ്പും പോലീസും നക്സൽ വിരുദ്ധ സേനയും അടങ്ങുന്ന അഞ്ച് പ്രത്യേക സംഘങ്ങളാണ് വനത്തിനുള്ളിൽ പരിശോധന നടത്തുന്നത്. ഡ്രോണുകളും സ്നിഫർ നായകളും തിരച്ചിലിനായി രംഗത്തുണ്ട്.
ശരണ്യ വീട്ടിൽ നിന്ന് പോയത് കൊച്ചിയിലേക്കാണെന്നും ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്നും പിതാവ് ഗോപി പറഞ്ഞു. എന്നാൽ ഇടയ്ക്ക് ട്രക്കിങ്ങിന് പോകുന്ന സ്വഭാവം ശരണ്യക്കുണ്ടായിരുന്നു. ബുധനാഴ്ച ശരണ്യ കുടുംബത്തെ വിളിച്ചിരുന്നതായി അമ്മാവൻ ഹരിദാസ് അറിയിച്ചു. നിലവിൽ ഹരിദാസ് കുടകിൽ തിരച്ചിൽ സംഘത്തോടൊപ്പമുണ്ട്.
കൊച്ചിയിൽ നിന്നാണ് ശരണ്യ കുടകിലെത്തിയത്. യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം.തടിയൻഡമോൾ കൊടുമുടി കയറാൻ പോയ ശരണ്യയോട് കാട്ടാന ശല്യമുള്ളതിനാൽ മറ്റ് പത്തുപേരടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ വനംവകുപ്പ് നിർദ്ദേശിച്ചിരുന്നു.വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ 10:20-ന് സുഹൃത്തിനെ വിളിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിയെന്ന് ശരണ്യ തന്നെ ഹോംസ്റ്റേയിൽ വിളിച്ചറിയിച്ചു. ഇതിന് പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി.
ആദ്യം ഹോംസ്റ്റേ ജീവനക്കാരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസും വനംവകുപ്പും രംഗത്തെത്തിയത്. കനത്ത വനമേഖലയും വന്യമൃഗ സാന്നിധ്യവും തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
What's Your Reaction?