ഇറാനെതിരെ മാരക പ്രഹരശേഷിയുള്ള ക്രൂയിസ് മിസൈലുകൾ വിന്യസിച്ച് അമേരിക്ക; സൈനിക നീക്കം ശക്തമാക്കുന്നു
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട് അത്യാധുനികമായ JASSM-ER (Joint Air-to-Surface Standoff Missile - Extended Range) ക്രൂയിസ് മിസൈലുകൾ യുദ്ധഭൂമിയിലേക്ക് എത്തിക്കാൻ അമേരിക്ക തീരുമാനിച്ചു. ഇറാനെ 'ശിലായുഗ'ത്തിലേക്ക് മടക്കി അയക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പെന്റഗണിന്റെ ഈ നിർണ്ണായക നീക്കം.
പസഫിക് മേഖലയിലെ കരുതൽ ശേഖരത്തിൽനിന്ന് മിസൈലുകൾ മിഡിൽ ഈസ്റ്റിലെ സെൻട്രൽ കമാൻഡ് ബേസുകളിലേക്കും ബ്രിട്ടനിലെ ഫെയർഫോർഡിലേക്കും മാറ്റാൻ ഇതിനോടകം ഉത്തരവിട്ടിട്ടുണ്ട്.
ഇറാന്റെ വ്യോമ പ്രതിരോധം ദുർബലമാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും യുദ്ധക്കളത്തിൽ നിന്ന് വരുന്നത് മറിച്ചുള്ള റിപ്പോർട്ടുകളാണ്. കഴിഞ്ഞ ആഴ്ചകളിൽ രണ്ട് എഫ്-15 യുദ്ധവിമാനങ്ങളും ഒരു എ-10 വിമാനവും ഇറാൻ വെടിവെച്ചിട്ടിരുന്നു. കൂടാതെ പത്തിലധികം എം.ക്യു-9 ഡ്രോണുകളും അമേരിക്കയ്ക്ക് നഷ്ടമായി.
സൈനിക നീക്കത്തിന്റെ ആദ്യഘട്ടത്തിൽ പക്കലുണ്ടായിരുന്ന 2,300 മിസൈലുകളുടെ ശേഖരം ഇപ്പോൾ 425 ആയി ചുരുങ്ങിയതായും അതിൽ തന്നെ പലതും സാങ്കേതിക തകരാറിലുമാണെന്ന് 'ബ്ലൂംബെർഗ്' റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പൈലറ്റുമാരുടെ ജീവൻ പണയപ്പെടുത്താതെ ദീർഘദൂര ക്രൂയിസ് മിസൈലുകൾ വഴി ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം പദ്ധതിയിടുന്നത്. നിലവിൽ ഇറാന്റെ അതിർത്തിക്ക് മുകളിലൂടെ ബി-52 ബോംബറുകൾ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു.
What's Your Reaction?