സിന്ധു ജല കരാർ; ഇന്ത്യക്കെതിരെ വീണ്ടും യുദ്ധഭീഷണിയുമായി പാകിസ്ഥാൻ
ഇസ്‌ലാമാബാദ് / ന്യൂഡൽഹി: സിന്ധുനദീ ജല കരാർ പ്രകാരമുള്ള തങ്ങൾക്ക് അവകാശപ്പെട്ട ജലം ഉറപ്പാക്കാൻ സൈനിക നടപടിയുൾപ്പെടെ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് പാകിസ്ഥാൻ. ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന കോർ കമാൻഡർമാരുടെ യോഗത്തിലാണ് പാക് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ സിന്ധു ജല കരാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ജലം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതിയുടെ നിലപാടിന് സൈന്യം പിന്തുണ പ്രഖ്യാപിച്ചു. കശ്മീരിന് രാഷ്ട്രീയ-നയതന്ത്ര പിന്തുണ തുടരുമെന്നും പാക് സൈന്യം അറിയിച്ചു.
അതേസമയം, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും ഇന്ത്യയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പ് നൽകി. സിന്ധു ജല കരാറിൽ വിട്ടുവീഴ്ചയില്ലെന്നും ആവശ്യമെങ്കിൽ ഇന്ത്യയുമായി യുദ്ധത്തിനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഭീകരവാദം പൂർണമായും അവസാനിപ്പിക്കാതെ കരാർ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണയാണ് കരാർ അസാധുവായി തുടരാൻ കാരണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കരാർ നിർത്തിവച്ചതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള പ്രളയ മുന്നറിയിപ്പുകളും ഇന്ത്യ അവസാനിപ്പിച്ചിരുന്നു. സവാൽകോട്ട്, രത്‌ലെ, ബർസാർ, പകാൽ ദുൾ തുടങ്ങിയ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യ മുന്നോട്ടുപോകുന്നതിനിടെയാണ് പാകിസ്ഥാന്റെ പുതിയ യുദ്ധഭീഷണി.
What's Your Reaction?



