കള്ളാടി ദുരന്തം അതീവ ദുഃഖകരം; അന്വേഷണവുമായി പൂർണ സഹകരണമെന്ന് ദിലീപ് ബിൽഡ്‌കോൺ

Jul 7, 2026 - 22:54
Jul 7, 2026 - 22:55
 0
കള്ളാടി ദുരന്തം അതീവ ദുഃഖകരം; അന്വേഷണവുമായി പൂർണ സഹകരണമെന്ന് ദിലീപ് ബിൽഡ്‌കോൺ

കോഴിക്കോട് ∙ വയനാട് കള്ളാടി തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ അതീവ ദുഃഖകരമാണെന്ന് കരാർ കമ്പനിയായ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡ് അറിയിച്ചു. ദുരന്തത്തിൽപ്പെട്ടവരുടെയും അവരുടെ കുടുംബങ്ങളുടെയും ഒപ്പമുണ്ടാകുമെന്ന് കമ്പനി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും നൽകിയ നിയമപരമായ അറിയിപ്പിൽ വ്യക്തമാക്കി.

പ്രദേശത്ത് തുടരുന്ന രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുന്നതാണ് നിലവിലെ പ്രധാന പരിഗണനയെന്ന് കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ അറിയിച്ചു. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ ഏജൻസികൾ, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവരുമായി പൂർണ സഹകരണം തുടരുകയാണെന്നും പദ്ധതി പ്രദേശത്തുണ്ടായിരുന്ന ജീവനക്കാരെ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനുമുള്ള പ്രവർത്തനങ്ങളിൽ സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ വയനാട്ടിൽ ഏകദേശം 265 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഈ മൺസൂൺ കാലത്തെ ഏറ്റവും ഉയർന്ന മഴയളവുകളിൽ ഒന്നാണിത്. സാധാരണ ജൂലൈ മാസത്തിലെ ഒരു മഴദിനത്തിൽ ലഭിക്കുന്നതിനേക്കാൾ 9 മുതൽ 10 മടങ്ങ് കൂടുതലാണ് ഈ മഴയെന്നും കമ്പനി ചൂണ്ടിക്കാട്ടി.

പദ്ധതി നടപ്പാക്കുന്നതിൽ ബാധകമായ എല്ലാ എൻജിനിയറിങ് സുരക്ഷാ മാനദണ്ഡങ്ങളും പരിസ്ഥിതി അനുമതികളും കർശനമായി പാലിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. പരിസ്ഥിതി ദുർബല മേഖലയായതിനാൽ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ മേൽനോട്ടം ഉൾപ്പെടെയുള്ള വിവിധ നിയന്ത്രണ സംവിധാനങ്ങൾക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും വ്യക്തമാക്കി.

പദ്ധതി പ്രദേശത്ത് നിന്ന് ഖനനം ചെയ്യുന്ന എല്ലാ വസ്തുക്കളും അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നതെന്നും നിലവിലുള്ള കർശന നടപടിക്രമങ്ങൾ കാരണം സാങ്കേതിക പിഴവുകൾക്ക് സാധ്യത വളരെ കുറവാണെന്നും കമ്പനി അവകാശപ്പെട്ടു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുമെന്നും ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow