കള്ളാടി മണ്ണിടിച്ചിൽ: രാത്രിയിലും രക്ഷാപ്രവർത്തനം; 5 മരണം, 3 പേരെ കാണാതായി
വയനാട് ∙ കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് രക്ഷാപ്രവർത്തനം രാത്രിയിലും ഊർജിതമായി തുടരുന്നു. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിമാർ വയനാട്ടിലെത്തിയത്.
പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡി.ഐ.ജി. കെ. കാർത്തികിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. തുടർന്ന് ആശുപത്രിയിലെ പരിക്കേറ്റവരെ സന്ദർശിച്ച മന്ത്രിമാർ ചികിത്സാ പുരോഗതി വിലയിരുത്തി.
കനത്ത മഴയ്ക്കിടയിലും മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തെരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്.
ദുരന്തത്തിൽ ഇതുവരെ അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റ ഏഴ് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. നിസാര പരിക്കേറ്റ രണ്ട് പേരെ ഡിസ്ചാർജ് ചെയ്തതോടെ നിലവിൽ ഒൻപത് പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്.
What's Your Reaction?



