ബിജെപിയിൽ പുകച്ചിൽ; സുരേന്ദ്രനും ശോഭയ്ക്കും നേരെ വിരൽ ചൂണ്ടി രാജീവ് ചന്ദ്രശേഖർ; പി.സി. ജോർജിനെതിരെയും കടുത്ത അമർഷം!
തിരുവനന്തപുരം∙ ബിജെപിക്ക് ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ സംസ്ഥാന നേതാക്കൾക്ക് ബിജെപി കോർ കമ്മിറ്റിയിൽ രൂക്ഷവിമർശനം. കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനുമെതിരെയാണ് യോഗത്തിൽ വിമർശനമുയർന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നും കൃത്യമായ ജനസമ്പർക്കം പുലർത്തണമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു. മണ്ഡലത്തിൽ സജീവമായിരുന്നതുകൊണ്ടാണ് കഴക്കൂട്ടത്ത് വി. മുരളീധരനും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും വിജയിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ക്രൈസ്തവ സഭയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പി.സി. ജോർജിനും ഷോൺ ജോർജിനുമെതിരെയും യോഗത്തിൽ കടുത്ത അതൃപ്തിയുണ്ടായി. സഭാവിരുദ്ധ പരാമർശങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും ഇത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും നേതാക്കൾ വിലയിരുത്തി. സാഹചര്യം അനുകൂലമല്ലാതിരുന്നിട്ടും ക്രൈസ്തവ വോട്ടുകൾ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നും തിരുവല്ലയിൽ അനൂപ് ആന്റണി രണ്ടാം സ്ഥാനത്തെത്തിയത് ഇതിന്റെ തെളിവാണെന്നും കോർ കമ്മിറ്റി വിലയിരുത്തി. പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കും മുൻപേ സൗജന്യ ബസ് യാത്രയുടെ പേരിൽ മഹിളാ മോർച്ച നടത്തിയ സമരം പാർട്ടിയെ അപഹാസ്യമാക്കിയെന്നും ഇത്തരം സമരങ്ങൾ പാർട്ടിയുമായി ആലോചിക്കാതെ നടത്തരുതെന്നും നേതൃത്വം കർശന നിർദ്ദേശം നൽകി.
What's Your Reaction?

