കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണം കണ്ടെത്തി; ദമ്പതികളെ ചോദ്യം ചെയ്തു; ഗർഭച്ഛിദ്രം നടന്നതാണെന്ന് യുവതി
ഒരു വർഷം മുമ്പ് വിവാഹിതരായ ഇവർ മൂന്ന് മാസം മുമ്പാണ് ഈ ഫ്ലാറ്റിൽ താമസം തുടങ്ങിയത്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തിലെ ഒരു ഫ്ലാറ്റിലെ ഫ്രിജിൽ നിന്നും മൂന്ന് മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ഫ്ലാറ്റിൽ താമസിക്കുന്ന യുവദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒരു വർഷം മുമ്പ് വിവാഹിതരായ ഇവർ മൂന്ന് മാസം മുമ്പാണ് ഈ ഫ്ലാറ്റിൽ താമസം തുടങ്ങിയത്.
താൻ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെട്ടെന്നുണ്ടായ വയറുവേദനയെത്തുടർന്ന് ശുചിമുറിയിൽ വെച്ച് ഗർഭച്ഛിദ്രം സംഭവിക്കുകയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. അപ്രതീക്ഷിതമായി പുറത്തുവന്ന ഭ്രൂണം നശിപ്പിച്ചു കളയാൻ മാനസികമായി പ്രയാസം തോന്നിയെന്നും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ ഒരു ബോക്സിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് ദമ്പതികളുടെ വിശദീകരണം.
ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിജിനുള്ളിൽ ബോക്സിൽ പൊതിഞ്ഞ നിലയിൽ ഭ്രൂണം കണ്ടെത്തിയത്. യുവതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഗർഭച്ഛിദ്രത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. ഭ്രൂണം ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
What's Your Reaction?