കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍. കൊച്ചി സോണൽ ഓഫീസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റാണ് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് റെയ്‌ഡ് നടത്തിയത്.
ശബരിമലയില്‍ നടന്നത് വ്യാപക ക്രമക്കേടെന്ന് ഇഡി വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എട്ടോളം സ്വത്തുവകകള്‍ കണ്ടുകെട്ടി. പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി അറിയിച്ചു. ഇ ഡി റെയ്ഡില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 100 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. സ്വർണ്ണ കട്ടികളാണ് കണ്ടെത്തിയത്. സ്വര്‍ണം ചെമ്പാക്കിയ രേഖയും കണ്ടെത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ക്ഷേത്ര ഭരണാധികാരികൾ, സ്വകാര്യ സ്പോൺസർമാർ, ജ്വല്ലറികൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരള പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ അന്വേഷണം. ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളില്‍ ഗുരുതര ക്രമക്കേടെന്നും കണ്ടെത്തലുണ്ട്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് സുപ്രധാന രേഖകളും ഇഡി പിടിച്ചെടുത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും കൂട്ടുനിനെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്‍റെ വാതിൽ ഫ്രെയിം പാനലുകൾ എന്നിവയുൾപ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വർണം പൂശിയ വസ്തുക്കൾ ഔദ്യോഗിക രേഖകളിൽ വെറും ചെമ്പ് തകിടുകൾ ആണെന്ന് തെറ്റായി രേഖപ്പെടുത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ ആറ് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സമാപിച്ചത്. സ്വർണക്കൊള്ളയിലെ പ്രതികളുടെ വീട്ടിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.