പിണറായി വിജയൻ എൻ.ഡി.എയിലേക്ക് വരണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന അസംബന്ധം; കടുത്ത ഭാഷയിൽ മറുപടി നൽകി എം.വി. ഗോവിന്ദൻ
കേന്ദ്ര സഹായം ലഭിക്കണമെങ്കിൽ എൻ.ഡി.എയിൽ ചേരണമെന്ന മന്ത്രിയുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണ്
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ പാർട്ടികളെയും എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി റാംദാസ് അത്തേവാലയുടെ പ്രസ്താവന തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് കേന്ദ്രമന്ത്രി ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
കേന്ദ്ര സഹായം ലഭിക്കണമെങ്കിൽ എൻ.ഡി.എയിൽ ചേരണമെന്ന മന്ത്രിയുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണ്. കേരളത്തിന് അവകാശപ്പെട്ട കുടിശ്ശിക നൽകുന്നതിനെ 'സഹായം' എന്ന് വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് - ബി.ജെ.പി സഖ്യത്തിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ ഓരോ ഇഞ്ചും പൊരുതിയാണ് ഇടതുപക്ഷം മുന്നേറിയിട്ടുള്ളത്. എൻ.ഡി.എയുമായി യാതൊരു രാഷ്ട്രീയ ബന്ധത്തിനും സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എസ്, എസ്.എൻ.ഡി.പി ഐക്യം മാത്രമല്ല, കേരളത്തിലെ മുഴുവൻ ജനങ്ങളും മതനിരപേക്ഷ ഉള്ളടക്കത്തോടെ ഒന്നിച്ച് നിൽക്കണമെന്നാണ് സി.പി.എം നിലപാട്. മലപ്പുറം, കാസർകോട് ജില്ലകളെക്കുറിച്ച് സജി ചെറിയാൻ നടത്തിയ പ്രസ്താവന പാർട്ടിയുടേതല്ലെന്ന് എം.വി. ഗോവിന്ദൻ ആവർത്തിച്ചു. പാർട്ടി നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയതെന്നും സെക്രട്ടറി വ്യക്തമാക്കി.
സോഷ്യലിസ്റ്റ് നേതാക്കൾക്ക് എൻ.ഡി.എയിൽ ചേരാമെങ്കിൽ കമ്മ്യൂണിസ്റ്റുകൾക്കും ആവാം എന്നായിരുന്നു അത്തേവാലയുടെ പ്രസ്താവന. പിണറായി വിജയൻ എൻ.ഡി.എയിൽ ചേരുന്നത് 'വിപ്ലവകരമായ' തീരുമാനമാകുമെന്നും, വികസനത്തിന് വേണ്ടി ബി.ജെ.പിയോടൊപ്പം നിൽക്കണമെന്നും അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (RPI) സമ്മേളനത്തിൽ പറഞ്ഞിരുന്നു.
What's Your Reaction?