ശബരിമലയിൽ രണ്ടര ലക്ഷത്തിലധികം തീർഥാടകർക്ക് ചികിത്സ; ഹൃദയാഘാതം വന്ന 206 പേരുടെ ജീവൻ രക്ഷിച്ചു
സന്നിധാനത്ത് 99,607 പേർ ചികിത്സ തേടി
തിരുവനന്തപുരം: ഇത്തവണത്തെ ശബരിമല തീർഥാടനകാലത്ത് ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങൾ വഴി 2,56,399 തീർഥാടകർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതകളിൽ ഒരുക്കിയ മികച്ച ചികിത്സാ സൗകര്യങ്ങൾ വഴി മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായും മന്ത്രി വ്യക്തമാക്കി.
സന്നിധാനത്ത് 99,607 പേർ ചികിത്സ തേടി. പമ്പ 49,256 പേർ, നിലയ്ക്കല്‍ 24,025 പേർ എന്നിങ്ങനെ ചികിത്സ തേടി. കാനനപാതയിലുടനീളമുള്ള കേന്ദ്രങ്ങൾ വഴി 64,754 പേർക്ക് സേവനം നൽകി. ഹൃദയാഘാതം ബാധിച്ച 206 തീര്‍ഥാടകരുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടി. ഹൃദയാഘാതം ബാധിച്ചവരിൽ 79 ശതമാനം പേരെയും രക്ഷപ്പെടുത്താൻ ഇത്തവണ കഴിഞ്ഞു. കൂടാതെ 131 പേർക്ക് അപസ്മാരത്തിനും ചികിത്സ നൽകി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായ 800-ലധികം പേരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തു.
കോന്നി മെഡിക്കൽ കോളേജ് പ്രധാന ബേസ് ആശുപത്രിയായി പ്രവർത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജിലും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. പമ്പയിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുകയും വിവിധ ഭാഷകളിൽ ബോധവൽക്കരണം നൽകുകയും ചെയ്തു. ആയുഷ് വിഭാഗത്തിന്റെ സേവനം, കനിവ് 108 ആംബുലൻസുകൾ, ഭക്ഷ്യസുരക്ഷാ പരിശോധനകൾ എന്നിവയും സജീവമായിരുന്നു. തീർഥാടകർക്ക് മികച്ച സേവനം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു.
What's Your Reaction?