ഡോ. പി. രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍
സർവകലാശാല സെനറ്റ് നിർദേശിച്ച നോമിനിയെ ഒഴിവാക്കിയാണ് ഗവർണർ ഈ നിയമനം നടത്തിയത്
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചുകൊണ്ട് ഗവർണർ രാജേന്ദ്ര അർലേക്കർ ഉത്തരവിറക്കി. സെർച്ച് കമ്മിറ്റി സമർപ്പിച്ച മൂന്ന് പേരുകളുടെ പാനലിൽ നിന്നാണ് നിലവിൽ വി.സിയുടെ ചുമതല വഹിക്കുന്ന ഡോ. പി. രവീന്ദ്രനെ തന്നെ സ്ഥിര നിയമനത്തിനായി ഗവർണർ തിരഞ്ഞെടുത്തത്.
സർവകലാശാല സെനറ്റ് നിർദേശിച്ച നോമിനിയെ ഒഴിവാക്കിയാണ് ഗവർണർ ഈ നിയമനം നടത്തിയത്. വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിലാണ് ഇപ്പോൾ സ്ഥിരം വി.സിയെ ലഭിക്കുന്നത്.
കാലിക്കറ്റ് സർവകലാശാലയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് ഡോ. പി. രവീന്ദ്രൻ. കഴിഞ്ഞ കുറച്ചു കാലമായി വി.സിയുടെ അധിക ചുമതല അദ്ദേഹം വഹിച്ചുവരികയായിരുന്നു. നിയമനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി. സർവ്വകലാശാലയുടെ ഭരണപരമായ പ്രതിസന്ധികൾക്ക് പുതിയ വി.സിയുടെ നിയമനത്തോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?