കാഫിർ സ്ക്രീൻഷോട്ട് വിവാദം: പ്രതികളെ രക്ഷിക്കാൻ നീക്കം? ആഭ്യന്തര മന്ത്രിക്ക് കത്തുമായി പാറക്കൽ അബ്ദുള്ള!
വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള രംഗത്തെത്തിയിരിക്കുകയാണ്. വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ടെത്തി കത്ത് നൽകി. വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടത്തിയ കുറ്റക്കാരെ യാതൊരു കാരണവശാലും വെറുതെ വിടരുതെന്നും അവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ കത്തിലൂടെ ആവശ്യപ്പെടുന്നു.
കേസിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന ഡിവൈഎഫ്ഐ നേതാക്കളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇരുപത് മാസം പിന്നിട്ടിട്ടും ഈ വിഷയത്തിൽ കൃത്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് പാറക്കൽ അബ്ദുള്ള ചൂണ്ടിക്കാണിക്കുന്നു. കേസിലെ നിർണായക ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെയും, ഇതിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ പ്രതികളെ സംരക്ഷിച്ചുകൊണ്ടും അന്വേഷണം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എംഎൽഎ കടുത്ത ആരോപണം ഉന്നയിക്കുന്നു.
What's Your Reaction?

