പഹൽഗാം ഭീകരാക്രമണം: 1597 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എൻഐഎ; അക്രമികളെക്കുറിച്ച് വീട്ടുടമയുടെ നിർണായക വെളിപ്പെടുത്തൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആയിരത്തിലധികം ആളുകളെ ചോദ്യം ചെയ്ത് തയ്യാറാക്കിയ, 1597 പേജുകളുള്ള വിശദമായ കുറ്റപത്രമാണ് എൻഐഎ സമർപ്പിച്ചത്. 26 പേരുടെ ജീവനെടുത്ത ക്രൂരമായ ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപ് ഭീകരർ ഒരു മരച്ചുവട്ടിലിരുന്ന് ഭക്ഷണം കഴിച്ചിരുന്നതായും, ഉച്ചയ്ക്ക് കൃത്യം 2.23 നാണ് ആക്രമണം നടന്നതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ആക്രമണത്തിന് തലേദിവസം ഭീകരർ താവളമാക്കിയ വീടിന്റെ ഉടമ പർവൈസ് അഹമ്മദ് നൽകിയ മൊഴിയിലെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏപ്രിൽ 21ന് വൈകുന്നേരം അഞ്ച് മണിയോടെ ബൈസരണിനടുത്തുള്ള തന്റെ വീട്ടിലേക്ക് ആയുധധാരികളായ മൂന്ന് ഭീകരർ എത്തിയെന്നാണ് പർവൈസ് വെളിപ്പെടുത്തിയത്. അമ്മാവനായ ബഷീർ അഹമ്മദ് ജൊത്താറിനൊപ്പമാണ് ഇവർ വീടിനുള്ളിലേക്ക് കയറിവന്നത്.
"അവർ വീട്ടിലിരുന്ന് ദാഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ വെള്ളം നൽകി. വെള്ളം കുടിച്ചതിന് ശേഷം എനിക്ക് പുണ്യം ലഭിക്കുമെന്നാണ് അവർ പറഞ്ഞത്. പഞ്ചാബി കലർന്ന ഉറുദു ഭാഷയിലായിരുന്നു സംസാരം. കണ്ടപ്പോൾ തന്നെ കശ്മീരികളല്ലെന്ന് മനസ്സിലായി. അവരുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ കമ്പിളിക്കടിയിൽ ഒളിപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടു. തുടർന്ന് അവർക്ക് ചായയും ഭക്ഷണവും നൽകി. രാത്രി പത്ത് മണിയോടെ റൊട്ടിയും പാക്ക് ചെയ്താണ് അവർ അവിടെനിന്ന് മടങ്ങിയത്," പർവൈസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഭീകരർക്ക് അഭയം നൽകിയെന്ന കുറ്റത്തിന് പർവൈസ് അഹമ്മദിനെയും അമ്മാവൻ ബഷീർ അഹമ്മദിനെയും ജൂൺ 22ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
What's Your Reaction?



