മെയ് 25 വരെ ഈ 4 ജില്ലകളിൽ കറണ്ട് പോയേക്കും; കെഎസ്ഇബിയുടെ അടിയന്തര അറിയിപ്പ്!
തിരുവനന്തപുരം: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരിക.
പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടുള്ള 400 കെ.വി. സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിന് സംഭവിച്ച സാങ്കേതിക തകരാറാണ് ഈ താൽക്കാലിക പ്രതിസന്ധിക്ക് കാരണം. ഈ ട്രാൻസ്ഫോർമറിന്റെ 220 കെ.വി. ബുഷിങ്ങിലാണ് തകരാർ കണ്ടെത്തിയിട്ടുള്ളത്. ഇതേത്തുടർന്ന് അടിയന്തരമായി നടത്തേണ്ടി വരുന്ന അറ്റകുറ്റപ്പണികൾ കാരണമാണ് ഈ ജില്ലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നതെന്ന് കെഎസ്ഇബി ഔദ്യോഗികമായി വ്യക്തമാക്കി.
തകരാർ പരിഹരിച്ച് അറ്റകുറ്റപ്പണികൾ പൂർണ്ണമായി തീർക്കുന്നതിന് 2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുള്ളത്. അതുവരെ ഈ നാല് ജില്ലകളിലെ ഉപഭോക്താക്കൾ വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്നും അവശ്യഘട്ടങ്ങളിൽ മാത്രം വൈദ്യുതി ലാഭകരമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പണികൾ വേഗത്തിൽ പൂർത്തിയാക്കി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
What's Your Reaction?



