വീണ്ടും ജീവനെടുത്ത് കാട്ടാന; മധ്യവയസ്‌കന് ദാരുണാന്ത്യം
പാലക്കാട്: മലമ്പുഴയിൽ വീണ്ടും കാട്ടാനയുടെ കലിതുള്ളൽ. അകമലവാരം വെള്ളെഴുതാംപ്പൊറ ആദിവാസി ഊരിലെ ചന്ദ്രൻ (50) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ 3:50-ഓടെ വീടിന് സമീപത്തെ പുളിഞ്ചോടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. ചന്ദ്രനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേർ ആനയെ കണ്ടയുടൻ ഓടി മാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
ആനയുടെ ചിന്നംവിളി കേട്ട് പുറത്തിറങ്ങി നോക്കുമ്പോഴാണ് ചന്ദ്രനെ ആന ആക്രമിക്കുന്ന ദാരുണമായ കാഴ്ച കണ്ടതെന്ന് ബന്ധു അഭിനവ് പറഞ്ഞു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ചന്ദ്രനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
What's Your Reaction?