സ്വന്തമായി ഓഫിസ് പോലുമില്ലാത്ത കമ്പനിക്ക് വ്യാവസായിക ഭൂമി അനുവദിച്ച് ആന്ധ്ര സര്‍ക്കാര്‍

അമരാവതി: സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ പേരില്‍, രണ്ട് മാസം മുമ്പ് മാത്രം രൂപീകൃതമായ കമ്പനിക്ക് ഭൂമി അനുവദിച്ച് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍. സ്വന്തമായി ഓഫിസോ പ്രവൃത്തി പരിചയമോ ഇല്ലാത്ത യുആര്‍എസ്എ ക്ലസ്റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ടിഡിപി സര്‍ക്കാര്‍ ഭൂമിവിട്ടുനല്‍കിയത്. ടാറ്റ കണ്‍സള്‍ട്ടസി സര്‍വീസ് (ടിസിഎസ്) അടക്കമുള്ള കമ്പനികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയതിന്റെ മറവിലാണ് തട്ടിക്കൂട്ട് സ്ഥാപനത്തിന് വഴിവിട്ട സഹായം നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിയെ തോല്പിച്ച് അധികാരത്തിലെത്തിയ ചന്ദ്രബാബു നായിഡു സംസ്ഥാനത്തെ റീബ്രാന്‍ഡ് ചെയ്യുന്നതിന്റെ പേരിലാണ് പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്. വ്യവസായവല്‍ക്കരണം, തൊഴിലില്ലായ്മ പരിഹരിക്കല്‍ എന്നീ ലക്ഷ്യങ്ങളോടെ കുറഞ്ഞ പാട്ടനിരക്കില്‍ സര്‍ക്കാര്‍ ഭൂമി ഏകജാലക സംവിധാനം വഴി വിട്ടുനല്‍കാനായിരുന്നു തീരുമാനം. ഇതിന്റെ പേരില്‍ കേവലം രണ്ട് മാസം മാത്രം മുമ്പ് ആരംഭിച്ച സ്ഥാപനത്തിന് ഭൂമി വിട്ടുനല്‍കിയത് വിവാദം സൃഷ്ടിച്ചിരിക്കുയാണ്.
ടിസിഎസിനും യുആര്‍എസ്എ ക്ലസ്റ്റേഴ്സിനും മാത്രമാണ് ഭൂമി വിട്ടുനല്‍കിയതെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന, പ്രതിവര്‍ഷം 50,000 കോടി ലാഭവിഹിതമുള്ള ടിസിഎസിന് 1,000 കോടി മതിപ്പുവിലയുള്ള ഭൂമി ആയിരം രൂപ നിരക്കിലാണ് പാട്ടത്തിന് നല്‍കിയത്. ഇതേ വ്യവസ്ഥയിലാണ് യുആര്‍എസ്എ ക്ലസ്റ്റേഴ്സിനും ഭൂമി നല്‍കിയത്. യുആര്‍എസ്എ ക്ലസ്റ്റേഴ്സ് 5,728 കോടി നിക്ഷേപം നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം.
ഹൈദരാബാദ് ആസ്ഥാനമായി 2025 ഫെബ്രുവരിയിലാണ് യുആര്‍എസ്എ ക്ലസ്റ്റേഴ്സ് കമ്പനി സ്ഥാപിതമായത്. സതീഷ് അബുരി, വിജയകുമാര്‍ പെണ്ഡുരിത്തി എന്നിവരാണ് ഡയറക്ടര്‍മാര്‍ എന്നാണ് കോര്‍പറേറ്റ് കാര്യ മന്ത്രാലയം രേഖകളില്‍ നിന്നുള്ള വിവരം. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിക്ക് കോടികള്‍ വിലയുള്ള ഭൂമി നിസാര തുകയ്ക്ക് പാട്ടത്തിന് നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇതിനകം കടുത്ത വിമര്‍ശനത്തിന് വഴിതെളിച്ചിരിക്കുകയാണ്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ചന്ദ്രബാബു നായിഡു സ്കില്‍ ഡവലപ്പെന്റ് അഴിമതി കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ടിരുന്നു.
What's Your Reaction?






