കങ്കണയുടെ എമര്‍ജന്‍സിക്കെതിരെ കരാര്‍ ലംഘന പരാതി
കങ്കണയുടെ മണികര്‍ണിക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനും നെറ്റ്ഫ്ലിക്‌സിനുമെതിരെയാണ് പരാതി

ന്യൂഡല്‍ഹി: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ എമര്‍ജൻസി എന്ന ചിത്രത്തിനെതിരെ പരാതി നല്‍കി പത്രപ്രവർത്തകയും എഴുത്തുകാരിയുമായ കൂമി കപൂർ. സിനിമയുടെ കഥ 'ദി എമർജൻസി: എ പേഴ്‌സണൽ ഹിസ്റ്ററി' എന്ന തന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എഴുതിക്കാണിച്ചതിനെതിരെയാണ് പരാതി.
കങ്കണയുടെ മണികര്‍ണിക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനും നെറ്റ്ഫ്ലിക്‌സിനുമെതിരെയാണ് പരാതി. സിനിമ തന്റെ രചനയ്ക്ക് വിരുദ്ധവും, തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും കപൂർ പരാതിയില്‍ പറയുന്നു. ഇത് തന്റെ വായനക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും തനിക്ക് കളങ്കം ഉണ്ടാക്കുന്നതാണെന്നും കപൂർ പറഞ്ഞു. തന്റെ പേരോ പുസ്തകത്തിന്റെ പേരോ സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്ന് കരാര്‍ ഉണ്ടായിട്ടും അത് ലംഘിച്ചെന്നാണ് കപൂറിന്റെ ആരോപണം.
1975ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം. ജനുവരി 17ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. മാർച്ച് 17ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. എന്നാല്‍ ഒരിക്കല്‍പോലും സിനിമയുടെ തിരക്കഥ കാണിച്ചിട്ടില്ലെന്നും നെറ്റ്ഫ്ലിക്സില്‍ സിനിമ കണ്ട ശേഷമാണ് തന്റെ അഭിപ്രായത്തിന് വിപരീതമായി സിനിമ ഒരുക്കിയിരിക്കുന്നത് വ്യക്തമായത്.
2021ലാണ് അക്ഷ്ത് റണാവത്തും, മണികർണിക ഫിലിംസും ദി എമർജൻസിയുടെ പ്രസാധകരായ പെൻഗ്വിനും തമ്മിൽ കരാറിൽ ഒപ്പുവച്ചതെന്നും കപൂര്‍ പറയുന്നു. അനുമതിയില്ലാതെ തന്റെ പേരോ പുസ്തകത്തിന്റെ പേരോ നല്‍കരുതെന്ന് കരാറില്‍ വ്യക്തമാക്കിയിരുന്നതാണെന്നും കൂമി കപൂർ പറഞ്ഞു.
What's Your Reaction?






