ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ നിർമിക്കുന്ന കാട്ടാളന് ആരംഭം കുറിച്ചു. ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേർന്ന് ഒരുമിച്ചു ഭദ്രദീപം തെളിയിച്ചായിരുന്നു തുടക്കമിട്ടത്.
ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളനിൽ ആൻ്റണി വർഗീസാണ് (പെപ്പെ) നായകനാകുന്നത്. പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസ്സിലാണ് അവതരണം.
കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥിനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ ബാഗി - 2,ഓങ്ബാക്ക് 2 ,തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിൻ്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളൻ്റെ അവതരണം. രജീഷാ വിജയനാണ് നായിക. മലയാളത്തിനു പുറമേ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത താരം സുനിൽ( പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിംഗ്, കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു , എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കൊച്ചി,കളമശ്ശേരി ചാക്കോളാസ് പവലിയനിൽ വച്ചായിരുന്നു കാട്ടാളൻ ഔദ്യോഗികമായ തുടക്കം കുറിച്ചത്. പതിവു ശൈലികളിൽ നിന്നും വേറിട്ട ചടങ്ങുകളോടെയായിരുന്നു ഇവിടെ അരങ്ങേറിയത്.
വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് മിഴിവേകാൻ കാട്ടാളൻ്റെ ടൈറ്റിൽ പതിപ്പിച്ച നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ്റേയും, നാടൻ വാദ്യമേളങ്ങളുടേയും സാന്നിദ്ധ്യം ഏറെ ഹൃദ്യമായി.
കൂടാതെ ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പങ്കെടുക്കുന്ന എല്ലാവരേയും ചടങ്ങിൽ ആദരിക്കുകയും പുരസ്ക്കാരങ്ങൾ നൽകുകയും ചെയ്തു. സമൂഹത്തിൻ്റെ വിവിധ രംഗങ്ങളിലുള്ളവരും, ചലച്ചിത്ര പ്രവർത്തകരും .ബന്ധുമിത്രാദികളുമടങ്ങിയ വലിയ സദസ്സിൻ്റെ സാന്നിദ്ധ്യമാണ് കാട്ടാളൻ്റെ തുടക്കത്തിന് സന്നിഹിതരായത്.