1000 സ്‌കൂളുകളില്‍ വിദ്യാര്‍ഥി സമ്പാദ്യ പദ്ധതി; മികച്ച നേട്ടം കൈവരിച്ച് ഈ ജില്ല

വിദ്യാർഥി സമ്പാദ്യ പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച് കോഴിക്കോട് ജില്ല

Aug 25, 2025 - 15:00
Aug 25, 2025 - 15:00
 0
1000 സ്‌കൂളുകളില്‍ വിദ്യാര്‍ഥി സമ്പാദ്യ പദ്ധതി; മികച്ച നേട്ടം കൈവരിച്ച് ഈ ജില്ല

കോഴിക്കോട്: സ്കൂൾ വിദ്യാർഥികൾക്കിടയിൽ സമ്പാദ്യ ശീലം വളർത്താൻ സംസ്ഥാന സർക്കാർ ഗവൺമെൻ്റ്/എയ്ഡഡ് സ്കൂളുകളിലായി നടപ്പാക്കിവരുന്ന വിദ്യാർഥി സമ്പാദ്യ പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച് കോഴിക്കോട് ജില്ല. ജില്ലയിലെ ആകെ 1192 സ്കൂളുകളിൽ 1003 സ്‌കൂളുകൾ സ്റ്റുഡൻസ് സേവിങ്സ് സ്കീമിൻ്റെ  ഭാഗമാണ്. 2025 ഓഗസ്റ്റ് 15 വരെയുള്ള കണക്കു പ്രകാരം 78, 319 വിദ്യാര്‍ത്ഥികള്‍ പദ്ധതിയിൽ അംഗങ്ങളാണ്. 3.28 കോടി രൂപയാണ് ജില്ലയിലെ മൊത്തം നിക്ഷേപം. വിദ്യാഭ്യാസം, ട്രഷറി വകുപ്പുകളും ദേശീയ സമ്പാദ്യ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കി വരുന്നത്. 

നാദാപുരം, തോടന്നൂർ, കൊടുവള്ളി, റൂറൽ എഇഓകൾക്കു കീഴിലെ മുഴുവൻ സ്കൂളുകളും പദ്ധതിയുടെ ഭാഗമാണ്. ഡി ഇ ഒ വടകരയിൽ ഉൾപ്പെടുന്ന സ്കൂളുകളും മുക്കം, കുന്ദമംഗലം, പേരാമ്പ്ര, ബാലുശ്ശേരി, മേലടി, ചോമ്പാല തുടങ്ങി എഇഓകൾക്കു കീഴിലെ 95 ശതമാനത്തിലധികം സ്കൂളുകളിലും പദ്ധതി നടപ്പാക്കി വരുന്നു. 

2016-ൽ കേന്ദ്രസര്‍ക്കാര്‍ സഞ്ചയിക പദ്ധതി  നിര്‍ത്തലാക്കിയതോടെയാണ് സംസ്ഥാന സര്‍ക്കാർ സഞ്ചയികയുടെ അതേ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്റ്റുഡന്‍സ് സേവിംങ്സ് സ്കീം എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമ്പാദ്യ പദ്ധതി ആരംഭിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അംഗങ്ങൾക്ക് എത്ര ചെറിയ തുകയും നിക്ഷേപിക്കാം. ആഴ്ചയിൽ ഒരിക്കൽ അധ്യാപകർ പണം ട്രഷറിയിൽ അടയ്ക്കും. നാല് ശതമാനമാണ് പലിശ.
 
സ്ഥാപന മേധാവി, രണ്ട് രക്ഷകര്‍ത്താക്കള്‍, രണ്ട് അധ്യാപകര്‍, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അടങ്ങിയ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഇവര്‍ അംഗങ്ങളായി ട്രഷറിയില്‍ വിദ്യാര്‍ഥികളുടെ സമ്പാദ്യ പദ്ധതി എന്ന പേരില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കും. പദ്ധതിയില്‍ അംഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അക്കൗണ്ട് നമ്പറും പാസ് ബുക്കും ലഭിക്കും. നിക്ഷേപിക്കുന്ന തുകയും പിന്‍വലിക്കുന്ന തുകയും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. ടി സി വാങ്ങിപ്പോവുകയോ മറ്റ് കാരണങ്ങളോ കൊണ്ട് അംഗത്വം വേണ്ടെന്ന് വെക്കുന്നവർക്ക് പലിശ സഹിതം തുക തിരിച്ചു നൽകും. 

What's Your Reaction?

like

dislike

love

funny

angry

sad

wow