തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കേരള സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോംഗ് പുറത്തിറക്കി. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച് തീം സോംഗ് പുറത്തിറക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. തിരുവനന്തപുരത്ത് പിആർ ചേംബറിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവകുട്ടിയാണ് തീം സോങ് പുറത്തിറക്കിയത്. പടുത്തുയർത്താം കായിക ലഹരി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രഫുൽദാസ് വി ആണ്.
കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവങ്കരി പി തങ്കച്ചി ആണ് സംഗീത സംവിധാനം നിർവഹിച്ചത്. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ശിവങ്കരി പി തങ്കച്ചി, നവമി ആർ വിഷ്ണു, അനഘ എസ് നായർ, ലയ വില്യം, കീർത്തന എ.പി, തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ നന്ദകിഷോർ കെ.ആർ, ഹരീഷ്.പി, അഥിത്ത്.ആർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. കൈറ്റ് വിക്ടേഴ്‌സ് വീഡിയോ പ്രൊഡക്ഷൻ ചെയ്ത ഗാനത്തിന്റെ ഗിറ്റാർ സുരേഷ് പരമേശ്വറും കീബോർഡ് ആന്റ് മിക്സിംഗ് രാജീവ് ശിവയുമാണ് നിർവഹിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, ഐ.ബി സതീഷ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഗാനം ഒരുക്കിയ വിദ്യാർത്ഥികളെ മന്ത്രി പ്രത്യേകം അനുമോദിച്ചു.
സംസ്ഥാന സ്‌കൂൾ കായികമേളയുടെ കൈപ്പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. വിവിധ മത്സര കാറ്റഗറികൾ, കേരള സ്‌കൂൾ കായികമേള അത്‌ലറ്റിക്‌സ് മീറ്റ് റെക്കോർഡുകൾ, നീന്തൽ മീറ്റ് റെക്കോർഡുകൾ, ഓഡർ ഓഫ് ഈവന്റ്‌സ് നീന്തൽ, വിവിധ സബ് കമ്മിറ്റികളും ചുമതലകളും, കേരള സ്‌കൂൾ കായികമേള കലണ്ടർ തുടങ്ങിയവയാണ് കൈപ്പുസ്തകത്തിൻറെ ഉള്ളടക്കം.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച കഴിഞ്ഞ തവണത്തെ കൊച്ചി കായികമേളയുടെ ഡോക്യുമെന്റും ചടങ്ങിൽ പ്രകാശനം ചെയ്തു. മേളയുടെ സംഘാടനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഈ സമഗ്രമായ ഡോക്യുമെന്റ് നാളെയുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ കായിക മത്സരങ്ങളുടെ നടത്തിപ്പിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ മന്ത്രാലയവും മേളയുടെ വിജയകരമായ നടത്തിപ്പിനെ പ്രശംസിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. നാളെ മുതൽ 28 വരെയാണ് ഒളിമ്പിക്സ് മാതൃകയിലുള്ള രണ്ടാമത് കായികമേള സംഘടിപ്പിക്കുന്നത്. 21ന് വൈകിട്ട് 4 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം വിജയൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാന്റ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്.
ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ശിക്ഷക് സദൻ ഓഫീസാക്കി പ്രവർത്തിച്ചുകൊണ്ട് പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കും. 20ന് രാത്രി ഏറനാട് എക്സ്പ്രസ്സിൽ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ആദ്യബാച്ച് കായിക താരങ്ങൾക്ക് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഗൾഫ് മേഖലയിൽ നിന്നും മേളയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്. ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകും.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്. ഒക്ടോബർ 16 ന് കാസർകോഡ് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ സംസ്ഥാനതല പര്യടനം കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകൾ താണ്ടി 19ന് വൈകുന്നേരം തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിച്ചേർന്നു. മന്ത്രി വി.ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, എം.എൽ.എമാർ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വീകരണമൊരുക്കി. 20ന് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലൂടെയും സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര സഞ്ചരിക്കും. 21ന് രാവിലെ 10 മണിക്ക് പട്ടം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിച്ചേരുന്ന സ്വർണ്ണക്കപ്പ് ഘോഷയാത്ര അവിടെ നിന്നും ഉദ്ഘാടന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും. ഒക്ടോബർ 19 ന് എറണാകുളത്ത് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം 21ന് നഗരത്തിലെ വിവിധ സ്‌കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് ട്രോഫി ഘോഷയാത്രയുമായി ചേരും.
പുത്തരിക്കണ്ടം മൈതാനത്ത് രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ഭക്ഷണശാല ഒരുക്കിയിട്ടുണ്ട്. കൂടാതെ മറ്റ് അഞ്ച് അടുക്കളകളും പ്രവർത്തിക്കുന്നുണ്ട്. പത്ത് വർഷമായി കേരളത്തിൽ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് സംഘടിപ്പിക്കുന്നുണ്ട്. കായിക താരങ്ങളുടെ താമസത്തിനായി എഴുപത്തി നാലോളം സ്‌കൂളുകൾ പ്രത്യേകം സജ്ജീകരിച്ചു. കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസുകൾ വിവിധ സ്‌കൂളുകളിൽ നിന്നും സജ്ജമാക്കിയിട്ടുണ്ട്.
സാനിറ്റൈസേഷൻ, ഇ-ടോയ്‌ലറ്റ് സംവിധാനം എന്നിവ ഗ്രൗണ്ടുകളിലും താമസ സ്ഥലങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. മൈതാനങ്ങളിലും താമസ സ്ഥലത്തും പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരിച്ചിട്ടുണ്ട്. നിരോധിത ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്സൈസിന്റെ പ്രത്യേക ജാഗ്രതാ നിരീക്ഷണം ഉണ്ടായിരിക്കും. മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങൾക്ക് കളിസ്ഥലങ്ങളിലും താമസ സ്ഥലത്തും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സ്പോർട്സ് ആയുർവേദ, ഫിസിയോ തെറാപ്പി, സ്പോർട്സ് മെഡിസിൻ എന്നിവയുടെ സൗകര്യവും ആംബുലൻസ് സർവ്വീസും പ്രത്യേക മെഡിക്കൽ ടീം സേവനവും ഏർപ്പാടാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള നടപടികൾ തുടരുകയാണ്.