ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ പുറത്തുവിടില്ല. മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന മുഖ്യ വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് റദ്ദാക്കി. ഡൽഹി ഹൈക്കോടതിയാണ് ഉത്തരവ് റദ്ദാക്കിയത്.
ഡല്‍ഹി സര്‍വകലാശാല നല്‍കിയ അപ്പീലിലാണ് നടപടി. ഇന്ന് ഹർജി പരിഗണിച്ച കോടതി വിവരാവകാശ നിയമപ്രകാരം അക്കാദമിക് രേഖകൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഉത്തരവിറക്കുകയായിരുന്നു. ജസ്റ്റിസ് സച്ചിന്‍ ദത്ത അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
1978 ലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നത്. വിവരാവകാശ (ആർടിഐ) അപേക്ഷയ്ക്ക് മറുപടിയായാണ് ഡൽഹി സർവകലാശാല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷർ ഉത്തരവിട്ടിരുന്നത്.
ഫെബ്രുവരിയില്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ പൂര്‍ത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. ഇന്നാണ് ഉത്തരവ് വന്നത്.