കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ പഠനത്തോടൊപ്പം ജോലി ചെയ്യാം...
പഠനത്തോടൊപ്പം മികച്ച കരിയർ വളർച്ചയ്ക്ക് അവസരം നൽകുക എന്നതാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം

കേരളത്തിലെ വിദ്യാർഥികൾക്ക് പഠനത്തിനൊപ്പം തൊഴിൽപരിചയം നേടുന്നതിനായി സർക്കാർ 'ഇന്റേൺഷിപ് കേരള' എന്ന പേരിൽ പുതിയ പോർട്ടൽ ആരംഭിക്കുന്നു. കെൽട്രോണുമായി സഹകരിച്ചാണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഈ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്.
പഠനത്തോടൊപ്പം മികച്ച കരിയർ വളർച്ചയ്ക്ക് അവസരം നൽകുക എന്നതാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിന് ഇന്റേൺഷിപ്പ് അവസരങ്ങളാണ് ഇതുവഴി വിദ്യാർഥികൾക്ക് ലഭ്യമാകുക.
കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂർ സർവകലാശാലകൾ ഇന്റേൺഷിപ്പിനായി കെൽട്രോണുമായി ഇതിനോടകം കരാറിൽ ഒപ്പുവെച്ചു. നിലവിൽ ബാങ്കിങ് & ഫിനാൻസ്, ലോജിസ്റ്റിക്‌സ്, ആരോഗ്യം, ടൂറിസം, വസ്ത്രമേഖല, മീഡിയ & എൻ്റർടെയ്ൻമെൻ്റ്, റോബോട്ടിക്‌സ്, സ്പോർട്സ് & ഫിറ്റ്നസ് തുടങ്ങി വിവിധ മേഖലകളിലെ അറുനൂറോളം സ്ഥാപനങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച നാലുവർഷ ബിരുദ കോഴ്‌സിലെ വിദ്യാർഥികൾക്കാണ് പ്രധാനമായും ഈ അവസരം ലഭിക്കുക. നാലുവർഷ ബിരുദ കോഴ്‌സിൻ്റെ നാലാം സെമസ്റ്ററിലും എട്ടാം സെമസ്റ്ററിലുമാണ് ഇന്റേൺഷിപ് ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നത്. ഇന്റേൺഷിപ്പിലൂടെ വിദ്യാർഥിക്ക് രണ്ട് മുതൽ നാല് വരെ ക്രെഡിറ്റുകൾ നേടാൻ സാധിക്കും.
What's Your Reaction?






