മൊസാംബിക്: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്‍റെ തീരത്തുണ്ടായ ബോട്ട് അപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു. മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ അഞ്ചു പേരെ കാണാനില്ല.
ബെയ്‌റ തുറമുഖത്തിന് പുറംകടലിൽ, സ്കോർപിയോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ടാങ്കറിനടുത്തേക്ക് പോവുകയായിരുന്ന ക്രൂ ബോട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ് കാണാതായത്. കാണാതായതിൽ മലയാളിയും ഉൾപ്പെടുന്നു. എറണാകുളം പിറവം സ്വദേശിയാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുന്നു.
മൊസാംബിക്കിന്‍റെ തീരദേശ പോലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. കപ്പൽ ജീവനക്കാരെ കരയിൽ എത്തിക്കുകയും കപ്പലിലേക്ക് തിരികെ കൊണ്ടുപോവുകയും ചെയ്യുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം.ബോട്ടിലുണ്ടായിരുന്ന 12 ഇന്ത്യന്‍ നാവികരില്‍ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.