ശബരിമല മേൽശാന്തിയായി ഇ.ഡി. പ്രസാദ്; മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരി
ചാലക്കുടി സ്വദേശിയായ ഇ.ഡി. പ്രസാദ് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു

സന്നിധാനം: 2025-26 തീർഥാടന വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിമാരെ നിശ്ചയിച്ചത്.
ചാലക്കുടി സ്വദേശിയായ ഇ.ഡി. പ്രസാദ് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറന്നൂർ മനയിലെ അംഗമായ ഇദ്ദേഹം നിലവിൽ ആറേശ്വരം ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. കൊല്ലം മയ്യനാട് സ്വദേശിയായ എം.ജി. മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.
പന്തളം കൊട്ടാരത്തിലെ കുട്ടികളാണ് മേൽശാന്തിമാരെ നറുക്കെടുക്കാൻ നിയോഗിക്കപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് നറുക്കെടുത്തത്. നെതർലൻഡ്‌സിലെ അൽമേർ ഡിജിറ്റാലിസ് പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് കശ്യപ് വർമ.
പന്തളം കൊട്ടാരത്തിലെ മൈഥിലിയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്. ബാംഗ്ലൂർ സംഹിത അക്കാദമി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മൈഥിലി.
2011-ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് റിട്ട. ജസ്റ്റിസ് കെ.ടി. തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരത്തിലെ കുട്ടികളെ മേൽശാന്തി നറുക്കെടുപ്പിനായി നിയോഗിക്കുന്നത്.
What's Your Reaction?






