ഇടുക്കിയിൽ കനത്ത മഴ നാശനഷ്ടമുണ്ടാക്കി; മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

വണ്ടിപ്പെരിയാർ, കുമളി, കൂട്ടാർ മേഖലകളിലാണ് മഴക്കെടുതി രൂക്ഷമായത്

Oct 18, 2025 - 10:45
Oct 18, 2025 - 10:46
 0
ഇടുക്കിയിൽ കനത്ത മഴ നാശനഷ്ടമുണ്ടാക്കി; മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

ഇടുക്കി: രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വണ്ടിപ്പെരിയാർ, കുമളി, കൂട്ടാർ മേഖലകളിലാണ് മഴക്കെടുതി രൂക്ഷമായത്. ആളപായം സംഭവിച്ചിട്ടില്ലെന്നത് മാത്രമാണ് ആശ്വാസകരം.

കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടൽ. അതിഭയങ്കര ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ശക്തമായ മലവെള്ള പാച്ചിലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. 2019ൽ ഉരുൾപൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്. ശനിയാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് ഉരുൾപ്പൊട്ടിയത്. വീടുകൾക്ക് മുന്നിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. ഉരുൾപ്പൊട്ടിയെത്തിയ പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. ആളപായമില്ല.

ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തി. ജലനിരപ്പ് ഉയർന്നതോടെ ഡാമിന്റെ സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ തുറന്നു. നിലവിൽ സെക്കൻഡിൽ 1063 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.

ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്. സെക്കൻഡിൽ 17,828 ക്യുസെക്സ് വെള്ളമാണ് ഡാമിലേയ്ക്ക് എത്തുന്നത്. ഇതിൽ 1683 ക്യൂസെക്സ് വെള്ളം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്.

വെള്ളം കയറിയ വീടുകളിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. വണ്ടിപ്പെരിയാറിൽ 42 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് കല്ലാർ ഡാമിലെ നാല് ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. കുമളി, പാറക്കടവ്, കൂട്ടാർ: ഈ മേഖലകളിൽ മലവെള്ളപ്പാച്ചിലിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. വളർത്തുമൃഗങ്ങൾ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയി.

വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. നെടുങ്കണ്ടം കൂട്ടാറിൽ കനത്ത മലവെള്ളപ്പാച്ചിലിൽ ഒരു ടെമ്പോ ട്രാവലർ ഒഴുക്കിൽപ്പെട്ടു. കോതമംഗലത്ത് രാത്രി ശക്തമായ മഴ ലഭിച്ചു. കുടമുണ്ടപാലത്ത് വെള്ളം കയറി കാർ ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷാപ്രവർത്തകർ എത്തി പുറത്തെടുത്തു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് (ഒക്ടോബർ 18) 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെലോ അലേര്‍ട്ട്. ഒറ്റപ്പെട്ട കനത്തമഴയ്ക്ക് പുറമെ, ഈ ജില്ലകളിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow