കൊച്ചി: അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. പെൺകുട്ടി ജനിച്ചത് ഭാര്യയുടെ പ്രശ്നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തിയാണ് ക്രൂരമായ മർദനം. സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.
ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. 29കാരിയായ യുവതിക്കാണ് ആദ്യ കുഞ്ഞ് പെൺകുട്ടി ആയതിന്റെ പേരിൽ ഭർത്താവിന്റെ അടിയും തൊഴിയും ഏൽക്കേണ്ടി വന്നത്.
2020ലായിരുന്നു ഇവരുടെ വിവാഹം. 2021ലാണ് ഇവർക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തോളമായി പെൺകുട്ടി ഭർത്താവിന്റെ പീഡനം സഹിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.
തന്റെ കുഞ്ഞിനേയും ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയെ വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് അസഭ്യം പറയുന്നത് പതിവാണെന്നും പോലീസ് പറയുന്നു. സംഭവത്തിൽ അങ്കമാലി പോലീസ് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.