തൃശൂര്‍: തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. മെഫെയർ ബാർ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ ആണ് മരിച്ചത്. ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിലാണ് കൊലപാതകം.
ഇന്നലെ രാത്രി 11:30 ഓടെ ആയിരുന്നു ആക്രമണം. സംഭവത്തിൽ അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാറിനു മുന്നിലെ ചായക്കടയിൽ ഹേമചന്ദ്രൻ ചായ കുടിക്കുന്നതിനിടയിൽ ഒളിച്ചു നിന്ന അക്രമി കഴുത്തിൽ കുത്തുകയായിരുന്നു.
കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തർക്കം ആരംഭിച്ചത്. വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. ബഹളം വെച്ച ഇയാളെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കി. ഈ വൈരാഗ്യത്തിലാണ് രാത്രി ബാറടക്കുന്ന സമയം വരെ ഫിജോ കാത്തുനിൽക്കുകയും പുറത്തിറങ്ങിയ ഹേമചന്ദ്രനെ കഴുത്തിൽ കുത്തി ഓടി രക്ഷപ്പെടുകയും ചെയ്തത്. ഹേമചന്ദ്രനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.