കൊച്ചി : ആലുവാ നഗരത്തിലെ ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ട അഖിലയും (38) അറസ്റ്റിലായ ബിനുവും (35) തമ്മിൽ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റ്ൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിലാണ് കൊലപാതകം നടന്നത്.
ഇരുവരും ഇടയ്ക് ഇവിടെ വന്ന് താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു. ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖിലയായിരുന്നുവെന്നാണ് ലോഡ്ജ് ജീവനക്കാരൻ പോലീസിന് നൽകിയ മൊഴി. ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്. കൊലപാതക ശേഷം യുവാവ് സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചുവെന്നും സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.
ബിനുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. വാക്കു തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മൊബൈൽ ടവർ മെയിൻറനൻസ് കമ്പനിയിലെ ഡ്രൈവറായിരുന്നു ബിനു. അഖില നേരത്തെ വാഴക്കുളത്തെ ഹോസ്റ്റലിൽ വാർഡനായി ജോലി ചെയ്യിരുന്നു.