കേരളത്തില്‍ വ്യാപക മഴ: ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനുളള സാധ്യതാ മുന്നറിയിപ്പുമുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ മുന്നറിയിപ്പുള്ളതിനാല്‍ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പുളളത്. ബാക്കി ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കേരള തീരത്ത് 22 വരെ മത്സ്യബന്ധനം വിലക്കി. 24 വരെ ശക്തമായ മഴ തുടരും. ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനുളള സാധ്യതാ മുന്നറിയിപ്പുമുണ്ട്.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ വരെ) കണ്ണൂർ-കാസർകോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഞായറാഴ്ച രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം.
What's Your Reaction?






