കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകള്‍ക്ക് ജോലിയ്ക്ക് ശുപാര്‍ശ: ഉറപ്പ് നല്‍കി കളക്ടര്‍

പെരുവന്താനം: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്‍റെ (45) കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. സോഫിയുടെ കുടുംബത്തിന് ഇന്ന് (ഫെബ്രുവരി 11) 10 ലക്ഷം രൂപ ധനസഹായം നൽകും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു. കാട്ടാനയുടെ ഭീഷണിയിൽ കഴിയുന്ന മൂന്നു കുടുംബങ്ങളെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഉറപ്പുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റിയത്.
തിങ്കളാഴ്ച (ഫെബ്രുവരി 10, ഇന്നലെ) വൈകീട്ടാണ് സമീപത്ത് കുളിക്കാന്‍ പോകുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ സോഫിയ കൊല്ലപ്പെട്ടത്. ചെന്നാപ്പാറ മുകൾ ഭാഗത്തുനിന്നു കൊമ്പൻപാറയിലേക്കുള്ള വഴിയെ നടന്നുപോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഏറെ നേരമായിട്ടും സോഫിയയെ കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊമ്പൻപാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയിൽ സോഫിയയെ കണ്ടെത്തിയത്.
ഏറെനേരം മൃതദേഹത്തിനു സമീപം ആന നിലയുറപ്പിച്ചിരുന്നു. പിന്നീട്, ആന പോയെങ്കിലും ജില്ലാ കലക്ടർ എത്തിയതിനുശേഷം മാത്രമേ മൃതദേഹം മാറ്റുകയുള്ളൂവെന്ന നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന്, നാട്ടുകാർ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
What's Your Reaction?






