മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവിതത്തിലേക്ക്; ഒടുവില്‍ പവിത്രൻ മരണത്തിന് കീഴടങ്ങി 

Feb 11, 2025 - 08:31
Feb 12, 2025 - 10:36
 0  7
മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവിതത്തിലേക്ക്; ഒടുവില്‍ പവിത്രൻ മരണത്തിന് കീഴടങ്ങി 

കണ്ണൂര്‍: മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്‍റെ തുടിപ്പ് കണ്ടെത്തിയ പവിത്രന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പവിത്രന്‍ (67) ആണ് മരിച്ചത്. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന പവിത്രന്‍ കൂത്തുപറമ്പിലെ വീട്ടില്‍ വെച്ച് ഇന്നാണ് മരിച്ചത്. കഴിഞ്ഞ ജനുവരി 13ന് മരണം സ്ഥിരീകരിച്ച് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാരാണ് പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന്, ചികിത്സ നടത്തിവരികയായിരുന്നു.

ഗുരുതരമായ ശ്വാസകോശരോഗത്തെ തുടർന്ന് ഇദ്ദേഹം മം​ഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടര്‍ന്ന്, വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ഡോക്ടര്‍മാര്‍ പവിത്രന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ പവിത്രനുമായി നാട്ടിലെത്തിയത്. പിറ്റേന്ന് (ജനുവരി 14) സംസ്കാരം നടത്തുന്നതിനായി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.‌ ഒപ്പം സംസ്കാര ചടങ്ങുകൾക്കുള്ള ഏർപ്പാടും നടത്തിയിരുന്നു. 

എന്നാല്‍, മോർച്ചറിയിൽനിന്ന് ആശുപത്രി ജീവനക്കാർ പവിത്രനിൽ ജീവന്‍റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തിരികെ തീവ്രപരിചരണവിഭാ​ഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട്, 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിടുകയും ചെയ്തിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. മോര്‍ച്ചറിയില്‍നിന്ന് ജീവിതത്തിലേക്ക് പവിത്രന്‍ തിരികെവന്നത് മാധ്യമങ്ങള്‍ വാര്‍ത്തയായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow