കോയമ്പത്തൂര്‍: സലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. സുലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായ എസ്.സാനു (47) ആണ് ആത്മഹത്യ ചെയ്തത്.
പാലക്കാട് യാക്കര കടുന്തുരുത്തി സ്വദേശിയാണ്. ഞായറാഴ്ച രാവിലെ 6 മണിക്കായിരുന്നു സംഭവം. ഡിഫൻസ് സെക്യൂരിറ്റി കോറിൽ നായിക് ആയിരുന്നു സാനു. വ്യാമസേനാ ക്യാംപസിലെ 13 നമ്പര്‍ പോസ്റ്റില്‍ ഡ്യൂട്ടിക്ക് കയറി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എകെ 103 റൈഫിള്‍ ഉപയോഗിച്ചു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
പോസ്റ്റിന് മുകളിൽ നിന്നും വെടിശബ്ദം ഉയരുകയും, പിന്നാലെ സാനു മുകളിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുകയുമായിരുന്നു. സാനു മുകളില്‍ നിന്നും താഴേക്ക് തെറിച്ച് വീഴുന്നത് കണ്ട് താഴെയുണ്ടായിരുന്ന ജവാന്‍ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ ഡോക്ടറും സംഘവുമെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
സാനുവിന് ജോലിയിൽ വളരെയേറെ സമ്മർദം ഉണ്ടായിരുന്നതായാണ് വിവരം. രണ്ടാഴ്ച മുന്‍പ് അവധിയില്‍ വന്നിരുന്നപ്പോള്‍ മാനസിക സമ്മര്‍ദത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.