ഉപ്പിന്‍റെ ഉപയോഗം കൂടിയാൽ വയറ്റിൽ കാൻസർ സാധ്യത; ഒരു ദിവസം എത്ര ഉപ്പ് കഴിക്കാം?
അമിതമായ ഉപ്പ് ഉപഭോഗം ആമാശയത്തിലെ സംരക്ഷിത പാളിയെ നശിപ്പിക്കുന്നു

ഉപ്പിന്റെ ഉയർന്ന അളവിലുള്ള ഉപഭോഗം സ്ഥിരമാക്കിയാൽ അത് വയറ്റിലെ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ ഉപ്പ് ഉപയോഗം ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി (H. pylori) എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ഒരു വ്യക്തിക്ക് പ്രതിദിനം ഉപയോഗിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് 5 ഗ്രാം ആണ്. എന്നാൽ, ആഗോളതലത്തിൽ ഒരാൾ ശരാശരി പ്രതിദിനം 9 മുതൽ 12 ഗ്രാം വരെ ഉപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമിതമായ ഉപ്പ് ഉപഭോഗം ആമാശയത്തിലെ സംരക്ഷിത പാളിയെ നശിപ്പിക്കുന്നു. ഇത് കാലക്രമേണ വിട്ടുമാറാത്ത വീക്കത്തിനും കോശനാശത്തിനും കാരണമാവുകയും കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ഉയർന്ന ഉപ്പിൻ്റെ ഉപഭോഗം ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. ഇത് അൾസറിന് കാരണമാവുകയും പിന്നീട് കാൻസറിലേക്ക് നയിക്കുകയും ചെയ്യാം. ഉപ്പിലിട്ട അച്ചാറുകൾ, ഉണക്കമീൻ തുടങ്ങിയ ഭക്ഷണങ്ങളിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡുമായി സംയോജിക്കുമ്പോൾ അർബുദകാരികളായ സംയുക്തങ്ങളായി മാറാൻ സാധ്യതയുണ്ട്.
അമിതമായി ഉപ്പ് കഴിക്കുന്നത് കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചേക്കാം. ഇത് ആമാശയത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
What's Your Reaction?






